താരങ്ങളുമായി സംസാരിച്ച് കർഷക നേതാക്കൾ മെഡലുകൾ തിരികെ വാങ്ങി. 

ദില്ലി: അതിവൈകാരികവും ഹൃദയഭേദകവുമായ കാഴ്ചകൾക്കാണ് ഹരിദ്വാർ സാക്ഷ്യം വഹിച്ചത്. മെഡലുകൾ ​ഗം​ഗയിലൊഴുക്കാനുള്ള തീരുമാനവുമായി ഹരിദ്വാറില്‍ എത്തിയ ​ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാൻ കർഷക നേതാക്കളെത്തി. ബി കെ യു അധ്യക്ഷൻ നരേഷ് ടിക്കായ്ത്ത് ഉൾപ്പെടെയുള്ളവരാണ് ഹരിദ്വാറിലെത്തി താരങ്ങളെ ആശ്വസിപ്പിച്ച്, അനുനയിപ്പിച്ചത്. ഗുസ്തി താരങ്ങളുമായി സംസാരിച്ച് കർഷക നേതാക്കൾ മെഡലുകൾ തിരികെ വാങ്ങി.പൊട്ടിക്കരഞ്ഞുകൊണ്ടാണ് ​ഗുസ്തി താരങ്ങൾ ഇവരോട് പ്രതികരിച്ചത്. ഒപ്പമുണ്ടെന്ന് കര്‍ഷക നേതാക്കള്‍ നൽകിയ ഉറപ്പിനെ തുടർന്ന് മെഡൽ ഗംഗയിലൊഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് താരങ്ങൾ താത്ക്കാലികമായി പിന്തിരിഞ്ഞു. 

രാജ്യത്തിന് വേണ്ടി പൊരുതി നേടിയ മെഡലുകൾ നെഞ്ചോട് ചേർത്ത്, കണ്ണീരടക്കാനാകാതെയാണ് അവർ ഹരിദ്വാറിലെത്തിയത്. മെഡലുകൾ നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളുടെ ചിത്രം കണ്ണീർക്കാഴ്ചയായി. നീതി നിഷേധത്തിനെതിരെയുള്ള അറ്റകൈ പ്രതിഷേധം എന്ന നിലയിലാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാനുള്ള ഇവരുടെ തീരുമാനം. 38 ദിവസത്തിലധികമായി ഗുസ്തി താരങ്ങള്‍ രാപ്പകല്‍ സമരത്തിലായിരുന്നു. കഴിഞ്ഞ ദിവസം ജന്തർ മന്തറിലെ ഇവരുടെ സമരപ്പന്തൽ പൊലീസ് പൊളിച്ച് നീക്കിയിരുന്നു. കൂടാതെ ഇവരെ ബലംപ്രയോ​ഗിച്ച് ഇവിടെ നിന്ന് പൊലീസ് മാറ്റി. 

മെഡലുകൾ ഒഴുക്കി സമരം ചെയ്യുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കേന്ദ്ര സ‍ര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു രീതിയിലുമുള്ള അനുനയശ്രമവുമുണ്ടായില്ല. കായിക താരങ്ങളെ കാണാനോ അവരുമായി അനുനയ ച‍ര്‍ച്ച നടത്താനോ കേന്ദ്ര സര്‍ക്കാർ ഇതുവരെയും തയ്യാറായില്ല. ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും, ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കും: ഗുസ്തി താരങ്ങൾ

ഗുസ്തി താരങ്ങളുടെ പാർലമെന്റ് മാർച്ച് ദില്ലി പൊലീസ് തടഞ്ഞു; ബജ്റംഗ് പൂനിയ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു

മെഡലുകൾ ഗംഗയിലൊഴുക്കില്ല, താൽക്കാലികമായി പിൻവാങ്ങി ഗുസ്തി താരങ്ങൾ

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News