മഹാരാഷ്ട്രയിലെ പൂനെയിൽ മാർക്ക് ഷീറ്റ് തിരുത്തിയ മകളെ കഴുത്തറുത്ത് കൊന്ന് പിതാവിൻ്റെ കൊടുംക്രൂരത. ഒൻപത് വയസ്സുകാരിയായ മകളെ ആണ് പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

പൂനെ: മാർക്ക് ഷീറ്റ് തിരുത്തിയ മകളോട് കൊടുംക്രൂരത കാട്ടി പിതാവ്. ഒൻപത് വയസ്സുകാരിയായ മകളെ പിതാവ് യന്ത്രവാൾകൊണ്ട് കഴുത്തറുത്ത് കൊന്നു. കുട്ടിയുടെ മൃതദേഹം സാരിയിൽ പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ച ഇയാൾ, അരുംകൊല മറയ്ക്കാനായി വീടിന് തീയിട്ടു. മഹാരാഷ്ട്രയിലെ പൂനെയിലാണ് മനസ്സ് മരവിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

Add Asianetnews as a Preferred SourcegooglePreferred

പൂനെയിൽനിന്ന് 100 കിലോമീറ്റ‍ർ അകലെ സ്ഥിതിചെയ്യുന്ന ദൗന്ദ് താലൂക്കിൽ ഉൾപ്പെടുന്ന ദിയുൽഗാവ് രാജെ ​ഗ്രാമത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. കൂലിപ്പണിക്കാരനായ ശാന്താറാം ചവാൻ (33) ആണ് പ്രതി. മൂന്നാം ക്ലാസിൽ പഠിക്കുന്ന മകളെയാണ് ശാന്താറാം അതിക്രൂരമായി കൊലപ്പെടുത്തിയത്. നാലാം ക്ലാസിൽ പഠിക്കുന്ന ഒരു മകനും ഇയാൾക്കുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച ശാന്താറാമിൻ്റെ മകനും മകളും തമ്മിൽ പരീക്ഷയിൽ ലഭിച്ച മാർക്കിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സഹോദരൻ രണ്ടാം റാങ്ക് നേടിയ, അനുജത്തിയെ കളിയാക്കിയതാണ് തർക്കത്തിന് കാരണം. ഇതേ തുടർന്ന് പെൺകുട്ടി മാർക്ക്ഷീറ്റിൽ തൻ്റെ റാങ്ക് രണ്ടിൽനിന്ന് ഒന്നാക്കിയും സഹോദരൻ്റെ മാർക്ക് ഷീറ്റിൽ റാങ്ക് ഒന്നിൽനിന്ന് രണ്ടാക്കിയും തിരുത്തി. മാർക്ക് ഷീറ്റ് തിരുത്തിയ വിവരം അറിഞ്ഞ് പ്രകോപിതനായ ശാന്താറാം, യന്ത്രവാൾ ഉപയോഗിച്ച് മകളുടെ കഴുത്തറക്കുകയായിരുന്നു. തുടർന്ന് മൃതദേഹം സാരിയിൽ പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ച ശേഷം, വീടിന് തീയിട്ടു.

വീടിന് തീപിടിച്ചാണ് മകൾ കൊല്ലപ്പെട്ടതെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ മകളെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാനാണ് പ്രതി ശ്രമിച്ചതെന്ന് കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. വീട്ടിൽനിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള പെൺകുട്ടിയുടെ പാതി ശരീരം പോലീസ് കണ്ടെടുത്തു. മൃതദേഹം പെൺകുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തും. സംഭവത്തിൽ പിതാവ് ശാന്താറാം ചവാനെയും ഇയാൾക്ക് സഹായം നൽകിയ ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. ബിഎൻഎസ് പ്രകാരം 103, 238 വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.