വിശ്വപ്രസിദ്ധ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) ദില്ലിയിൽ അന്തരിച്ചു. ഭോപ്പാൽ വാതക ദുരന്തത്തിൻ്റെ ഭീകരത ലോകത്തിന് മുന്നിലെത്തിച്ചതും, 'മാഗ്നം ഫോട്ടോസിൽ' അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനുമായ അദ്ദേഹം, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ രാജ്യത്തിൻ്റെ സുപ്രധാന നിമിഷങ്ങൾ പകർത്തി.
ദില്ലി: വിശ്വപ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു. ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ വിയോഗം അറിയിച്ചത്. ദില്ലിയിലെ ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. ഇന്ന് പാകിസ്ഥാൻ്റെ ഭാഗമായ പഞ്ചാബ് പ്രവിശ്യയിലെ ഝാങ് ഗ്രാമത്തിൽ 1942-ലായിരുന്നു ഇദ്ദേഹത്തിൻ്റെ ജനനം. സ്വതന്ത്ര ഇന്ത്യയുടെ വൈവിധ്യവും വേദനയും സംഘർഷങ്ങളും സന്തോഷങ്ങളും ബ്ലാക്ക് ആൻ്റ് വൈറ്റ് ഫ്രെയിമുകളിൽ കവിതകളായി പകർത്തി ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ മഹാരഥനായിരുന്നു രഘു റായ്.

ഒരു ഒഴിവുകാലത്ത് സഹോദരൻറെ ക്യാമറയുമായി ഹരിയാനയിലെ ഒരു ഗ്രാമത്തിൽ ഒഴിവുകാലം ചിലവഴിക്കാൻ പോയതായിരുന്നു സിവിൽ എഞ്ചിനീയറായിരുന്ന രഘു റായ്. അവിടെ വെച്ച് പകർത്തിയ ചിത്രങ്ങൾ ഫോട്ടോഗ്രാഫർ കൂടിയായ സഹോദരൻ കാണുകയും അത് ലണ്ടനിലെ ഒരു പത്രത്തിന് അയക്കുകയും ചയ്തു. പേരുകേട്ട ഫോട്ടോഗ്രാഫർമാരെ അമ്പരപ്പിച്ച ആ ചിത്രം പുരസ്കാരം നേടി. അങ്ങനെ ദേശീയതലത്തിൽ ഒറ്റരാത്രികൊണ്ട് ശ്രദ്ധേയനായി രഘു റായ് മാറി. പിന്നെ സിവിൽ എഞ്ചിനീയറിങ് ജോലിക്ക് പോയില്ല. രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങൾ രഘു റായിയുടെ മികച്ച ചിത്രങ്ങൾക്ക് വേണ്ടി കാത്തിരുന്നു.
പ്രകൃതി ചിത്രങ്ങൾ പകർത്തുന്ന ഒരു സുഖിയൻ ഫോട്ടോഗ്രാഫർ ആയിരുന്നില്ല അദ്ദേഹം. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് തൊട്ട് മുമ്പ് സുവർണ്ണ ക്ഷേത്രത്തിൽ എത്തി പകർത്തിയ അന്നത്തെ ഖലിസ്ഥാൻ വാദികളുടെ ചിത്രങ്ങൾ ഒരു സാഹസിക പ്രവർത്തനമായിരുന്നു. ബംഗ്ലാദേശ് വിഭജനകാലത്ത് കലാപ ഭൂമിയിലെത്തി മികച്ച ചിത്രങ്ങൾ രഘു ഇന്ത്യൻ മാധ്യമങ്ങളിലും ലോകമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു. ഭോപ്പാൽ നഗരത്തിൽ യൂണിയൻ കാർബേഡ് ഫാക്ടറിയിൽ നിന്ന് വിഷവാതകം ചോർന്ന് ആയിരങ്ങൾ മരിച്ചുവീണപ്പോൾ രഘു പകർത്തിയ ചിത്രങ്ങൾ കണ്ട് കഠിഹൃദയരുടെ പോലും കണ്ണുകൾ നിറഞ്ഞു. അന്നും ഇന്നും ലോകം ഭോപ്പാൽ ദുരന്തത്തെ ഓർത്തെടുക്കുന്നത് രഘു റായുടെ ചിത്രങ്ങളിലൂടെയാണ്..
പാതി മണ്ണിൽ പൂണ്ടുകിടക്കുന്ന പാതി തുറന്ന കുഞ്ഞു കണ്ണുകൾ. ലാത്തൂർ ഭൂകമ്പതിന്റെ വേദന ലോകത്തെ അറിയിച്ച ചിത്രങ്ങളുമെല്ലാം രഘു റയുടേതായിരുന്നു. സ്വാതന്ത്ര ഇന്ത്യയെ ആധുനിക ലോകത്ത് അടയാളപ്പെടുത്തിയ നൂറുകണക്കിന് ചിത്രങ്ങൾ അദ്ദേഹം പകർത്തി. മുംബയും ദില്ലിയും വാരാണസിയും പോലുള്ള നഗരങ്ങൾ, ഇന്ദിരാഗാന്ധിയെയും മദർ തെരേസയെയും സത്യ ജിത്ത് റേയും പോലെ മഹാരഥന്മാർ. എല്ലാം അനശ്വരമായ പ്രതീകങ്ങളായി മാറിയത് രഘു റായുടെ ക്യാമറ കണ്ണുകളിലൂടെ ആയിരുന്നു. അമേരിക്കയും ഫ്രാൻസുമടക്കം വിദേശരാജ്യങ്ങളിൽ നിന്ന് മോഹിപ്പിക്കുന്ന ഓഫറുകൾ തേടിയെത്തിയപ്പോഴും ഇന്ത്യയെ വൈവിധ്യ ലോകം വിട്ടുപോകാൻ അദ്ദേഹം തയ്യാറായില്ല. ആയിരക്കണക്കിന് പേരെ ഫോട്ടോഗ്രാഫർമാരാകാൻ പ്രേരിപ്പിച്ച, ഓരോ ഫോട്ടോയും ഒരു ചരിത്രമാണെന്ന് ബോധ്യപ്പെടുത്തിയ ഇന്ത്യയെ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ അടയാളപ്പെടുത്തിയ പ്രതിഭയാണ് 83ആം വയസ്സിൽ വിട പറഞ്ഞത്. ഈ മഹാരഥന് ഏഷ്യാനെറ്റ് ന്യൂസിന്റെ ആദരവ്..


