പതിറ്റാണ്ടുകൾക്ക് മുൻപ് മുത്തച്ഛൻ ഫിറോസ് ഗാന്ധിക്ക് നഷ്ടപ്പെട്ട ആ ഡ്രൈവിങ് ലൈസൻസ് ഒടുവിൽ പേരക്കുട്ടിയുടെ കൈകളിലെത്തി. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നടന്ന ഒരു ചടങ്ങിൽ  വെച്ചാണ് രാഹുൽ ഗാന്ധിക്ക് തന്റെ മുത്തച്ഛന്റെ ഓർമ്മകൾ ഇരമ്പുന്ന ഈ പഴയ രേഖ ലഭിച്ചത്. 

പതിറ്റാണ്ടുകൾക്ക് മുൻപ് ഫിറോസ് ഗാന്ധിക്ക് നഷ്ടപ്പെട്ടുപോയ ആ ഡ്രൈവിങ് ലൈസൻസ് ഒടുവിൽ ഗാന്ധി കുടുംബത്തിലേക്ക് തന്നെ തിരിച്ചെത്തി. ഉത്തർപ്രദേശിലെ തൻ്റെ പാർലമെൻ്റ മണ്ഡലമായ റായ്ബറേലിയിലെ സന്ദർശനത്തിനിടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഈ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. 1950-കളിൽ ഫിറോസ് ഗാന്ധി റായ്ബറേലിയിൽ ഒരു പൊതുപരിപാടിക്കെത്തിയപ്പോഴാണ് അദ്ദേഹത്തിൻ്റെ ഡ്രൈവിങ് ലൈസൻസ് നഷ്ടമാത്.

ഇത് വിക്രം സിങ് എന്നയാളുടെ ഭാര്യപിതാവിൻ്റെ കൈവശമാണ് അന്ന് ലഭിച്ചത്. ഏഴ് പതിറ്റാണ്ടുകളോളം ആ കുടുംബം ഇത് സൂക്ഷിച്ചുവച്ചു. റായ്ബറേലി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിന്റെ സംഘാടകസമിതി അംഗം കൂടിയായ വിക്രം സിങ്, താൻ അത്രയും കാലം കാത്തുസൂക്ഷിച്ച ആ ലൈസൻസ് ചടങ്ങിൽ വെച്ച് രാഹുൽ ഗാന്ധിക്ക് കൈമാറുകയായിരുന്നു.

വേദിയിൽ വെച്ച് തന്നെ അതീവ കൗതുകത്തോടെ ലൈസൻസ് പരിശോധിച്ച രാഹുൽ, ഉടൻ തന്നെ അതിന്റെ ഫോട്ടോയെടുത്ത് അമ്മ സോണിയ ഗാന്ധിക്ക് വാട്സാപ്പിൽ അയച്ചുകൊടുത്തു. രാഹുലിന്റെ മുഖത്തെ സന്തോഷം അവിടെയുണ്ടായിരുന്നവരെയെല്ലാം ഒരുപോലെ ആശ്ചര്യപ്പെടുത്തി. ലൈസൻസിലെ വിവരങ്ങളും അതിലെ മുത്തച്ഛന്റെ ചിത്രവും രാഹുൽ ഏറെനേരം നോക്കിനിന്നു. 1952-ലെ രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നാണ് ഫിറോസ് ഗാന്ധി മത്സരിച്ചത്. 1960 സെപ്റ്റംബർ 7-നാണ് അദ്ദേഹം അന്തരിച്ചത്. വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടുപോയ മുത്തച്ഛന്റെ ഓർമ്മകളെ തിരികെ കിട്ടിയതിന്റെ ആവേശത്തിലായിരുന്നു രാഹുൽ ഗാന്ധി.