ഒഡീഷയിലെ വനിതാ ഐഎഎസ് ഓഫീസർ ആരാധന ദാസിനെതിരെ 95 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിന് പരാതി. ഭൂമി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരനിൽ നിന്ന് പണം തട്ടിയെന്നും തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭുവനേശ്വർ: വനിതാ ഐഎഎസ് ഓഫീസർക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ഒഡീഷ സംസ്ഥാന ആഭ്യന്തര വകുപ്പിൽ നിലവിൽ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ആരാധന ദാസിനെതിരെയാണ് 95 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുന്നത്. കട്ടക്ക് ജില്ലയിലെ സിഡിഎ (കട്ടക്ക് ഡെവലപ്‌മെന്റ് അതോറിറ്റി) പ്രദേശത്ത് ഭൂമി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരനായ കമൽ കുമാർ ഭാവ്‌സിങ്കയിൽ നിന്ന് പണം തട്ടിയെന്നാണ് ആരോപണം. പണം തിരികെ ചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ഭൂമിക്കായി പരാതിക്കാരന്റെ ഭാര്യ ബീന ഭാവ്‌സിങ്ക, രണ്ട് വ്യത്യസ്ത തീയതികളിൽ ബാങ്ക് ഓഫ് ഇന്ത്യ വഴി ആരാധനാ ദാസിനെതിരെ പണമടച്ചിരുന്നു. ഈ തെളിവിൻ്റെ അടിസ്ഥാനത്തിൽ സിഡിഎ ഫേസ്-II പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരാധനാ ദാസിൻ്റെ അക്കൗണ്ടിലേക്ക് 95 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. എന്നാൽ ആരാധനാ ദാസ് അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് വിവരം. സർക്കാർ ജീവനക്കാർക്കും ഐഎഎസ് ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള നിയമങ്ങൾ പ്രകാരം ആരാധനക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി തേടി പോലീസ് കമ്മീഷണറേറ്റ് സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊതുഭരണ വകുപ്പിനും കത്തെഴുതി. ലാൻഡ് റവന്യൂ, ഭവന നിർമ്മാണം തുടങ്ങി വിവിധ വകുപ്പുകളിൽ ആരാധനാ മുൻപ് ചുമതലകൾ വഹിച്ചിട്ടുണ്ട്.