ജോലിക്ക് പോകാൻ ഉപദേശിച്ച മുത്തശ്ശിയെ യുവാവ് കൊലപ്പെടുത്തി. ബെം​ഗളൂരൂ കെഎസ് ലേഔട്ട് സ്വദേശിയായ പ്രജ്വൽ(24) ആണ് മുത്തശ്ശിയായ ഡി ​ഗൗരമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ബെം​ഗളൂരു ബന്നാർഘട്ടയിലെ ​ഗൗരമ്മയുടെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ബെം​ഗളൂരു: ജോലിക്ക് പോകാൻ ഉപദേശിച്ച മുത്തശ്ശിയെ യുവാവ് കൊലപ്പെടുത്തി. ബെം​ഗളൂരൂ കെഎസ് ലേഔട്ട് സ്വദേശിയായ പ്രജ്വൽ(24) ആണ് മുത്തശ്ശിയായ ഡി ​ഗൗരമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ബെം​ഗളൂരു ബന്നാർഘട്ടയിലെ ​ഗൗരമ്മയുടെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

​പ്രജ്വലിന്റെ അമ്മയുടെ മാതാപിതാക്കളായ ​ദൊഡ്ഡ ​ദുരു​ഗയ്യയും ​ഗൗരമ്മയും ബന്നാർഘട്ടയിലെ വീട്ടിലാണ് താമസിക്കുന്നത്. അടുത്തിടെ ​​ദുരു​ഗയ്യ ചില ജോലികളുടെ ഭാ​ഗമായി കനകാപുരയിലേക്ക് പോയി. ഇതോടെ വീട്ടിൽ ഒറ്റയ്ക്കായ ​ഗൗരമ്മയ്ക്ക് കൂട്ടിനായാണ് പ്രജ്വലിനെ ബന്നാർഘട്ടയിലേക്ക് പറഞ്ഞയച്ചത്.

കോളേജ് പഠനം പാതിവഴിയിൽ നിർത്തിയ പ്രജ്വൽ ഏറെക്കാലമായി തൊഴിൽരഹിതനാണ്. ബന്നാർഘട്ടയിൽ താമസിച്ചുവരുന്നതിനിടെ പ്രജ്വലിനോട് ജോലിക്ക് പോകാനും ജീവിതത്തിൽ ഉത്തരവാദിത്വം കാണിക്കാനും ​ഗൗരമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവർക്കുമിടയിൽ വഴക്കും പതിവായിരുന്നു. ചൊവ്വാഴ്ച രാത്രിയും ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ​ഗൗരമ്മ കൊച്ചുമകനെ പതിവുപോലെ ഉപദേശിച്ചു. ജോലിക്കാര്യം ആവർത്തിച്ചു. ഇതിൽ പ്രകോപിതനായാണ് പ്രതി മുത്തശ്ശിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് അടുക്കളയിൽ പോയി കത്തിയെടുത്ത് മുത്തശ്ശിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കെഎസ് ലേഔട്ടിലെ സ്വന്തം വീട്ടിലെത്തി പ്രതി അമ്മയെ വിവരമറിയിച്ചിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽപോയി. ബുധനാഴ്ച ഉച്ചയോടെ ബന്നാർഘട്ടയ്ക്ക് സമീപത്തെ ഒളിയിടത്തിൽനിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.