ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ചുമത്തിയ പിഴ അടയ്ക്കുമെന്ന് പ്രിയങ്ക ഗാന്ധി കയറിയ സ്കൂട്ടറിന്‍റെ ഉടമ.
ലഖ്നൗ: പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് ചുമത്തിയ പിഴ സ്വയം അടയ്ക്കുമെന്ന് സ്കൂട്ടര്‍ ഉടമ രാജ്ദീപ് സിങ്. വിരമിച്ച ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോകുമ്പോള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിനാണ് രാജ്ദീപ് സിങിന് പൊലീസ് 6100 രൂപ പിഴ ചുമത്തിയത്.
രാജ്ദീപ് സിങിന്‍റെ സ്കൂട്ടറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധീരജ് ഗുര്‍ജാറാണ് പ്രിയങ്ക ഗാന്ധിയെ എസ് ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് കൊണ്ടുപോയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് മുന്‍ ഐപിഎസ് ഓഫീസര്‍ അറസ്റ്റിലായത്. അദ്ദേഹത്തിന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം പ്രിയങ്ക സ്കൂട്ടറില്‍ യാത്ര തുടരുകയായിരുന്നു.
ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഡ്രൈവിങ് ലൈസന്‍സിന് 2500 രൂപ, ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ, ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിന് 300 രൂപ, തെറ്റായ നമ്പര്‍ പ്ലേറ്റിന് 300 രൂപ, അമിത വേഗത്തിന് 2,500 രൂപ എന്നിവയ്ക്കാണ് യുപി പൊലീസ് സ്കൂട്ടര്‍ ഉടമയായ രാജ്ദീപ് സിങിന് പിഴ ചുമത്തിയതെന്നാണ് വിവരം.
Read More: പ്രിയങ്ക വ്യാജ ഗാന്ധി: പേര് മാറ്റി ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്ന് സാധ്വി നിരഞ്ജന്‍ ജ്യോതി
