യമുന എക്സ്പ്രസ്‍വേയിൽ സ്ലീപ്പർ ബസിന് തീപിടിച്ച് ഒൻപത് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസിനുള്ളിൽ നിന്ന് പുക മണം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ പരാതിപ്പെട്ടിട്ടും ബസ് ജീവനക്കാർ വകവെച്ചില്ലെന്ന് എഫ്ഐആറിൽ പറയുന്നു.

ദില്ലി: ഉത്തർ പ്രദേശിൽ യമുന എക്സ്പ്രസ്‍വേയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പ‍ർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒൻപത് യാത്രക്കാ‍ർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസിനുള്ളിൽ നിന്ന് പുക മണം അനുഭവപ്പെട്ടതിനെ തുട‍ർന്ന് യാത്രക്കാർ പരാതിപ്പെട്ടിട്ടും ബസ് ജീവനക്കാർ വകവെച്ചില്ലെന്ന് എഫ്ഐആറിൽ പറയുന്നു. ഡ്രൈവറും കണ്ടക്ടറും ബസിനുള്ളിൽ ഇരുന്ന് സി​ഗരറ്റ് വലിക്കുന്നത് യാത്രക്കാ‍ർ‍ എതിർത്തെങ്കിലും ഇത് പരിഹാസത്തോടെ തള്ളിക്കളയുകയും മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. ബസിൽനിന്ന് പുക മണം അനുഭവപ്പെട്ടതിനെ തുട‍ർന്ന് യാത്രക്കാർ പരാതിപ്പെട്ടിട്ടും ബസ് ജീവനക്കാർ സി​ഗരറ്റ് വലിച്ചിരുന്നതായും എഫ്ഐആറിൽ വ്യക്തമാക്കി.

ബസിൽ പുക മണം അനുഭവപ്പെട്ടതിന് തൊട്ടുപിന്നാലെ ആണ് മുൻഭാ​ഗത്തുനിന്ന് തീ പട‍ർന്നതെന്ന് എഫ്ഐആറിൽ പറയുന്നു. യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് "നിങ്ങൾ ചത്താലും എനിക്ക് പ്രശ്നമില്ല, ഞാൻ ബസ് നിർത്താൻ പോകുന്നില്ല" എന്ന് ഡ്രൈവ‍ർ പറഞ്ഞതായും എഫ്ഐആറിൽ വ്യക്തമാക്കി.

ദില്ലിയിൽനിന്ന് ഉത്ത‍‍ർ പ്രദേശിലെ മഹോബയിലേക്ക് പോയ ബിഹാ‍ർ രജിസ്ട്രേഷനിലുള്ള 'രാജ് കൽപന ട്രാവൽസ്' എന്ന സ്ലീപ്പർ ബസ് കത്തിയമർന്നാണ് ഒൻപത് യാത്രക്കാർക്ക് ദാരുണാന്ത്യം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ബുധനാഴ്ച രാത്രി 11:30 ഓടെയായിരുന്നു അപകടം. ബസിൽ 35 പേരായിരുന്നു ഉണ്ടായിരുന്നത്. പെട്ടെന്ന് തീ പടരുകയും ബസിൽ പുക നിറയുകയും ചെയ്തതോടെ യാത്രക്കാർക്ക് രക്ഷപ്പെടാൻ വഴിയില്ലാതായി.

ബസിൻ്റെ എസി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. തീ എഞ്ചിൻ ഓയിലിലേക്ക് വ്യാപിച്ചത് ആളിപ്പടരാനും ഇടയാക്കി. അപകടത്തിൽ രക്ഷപ്പെട്ട ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം അപകടത്തിൽപെട്ട ബസിനെതിരെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 60ലധികം പിഴ ചുമത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുണ്ട്. ഇതിൽ 1.7 ലക്ഷത്തിലധികം രൂപ പിഴയായി ഇനിയും അടയ്ക്കാനുണ്ടെന്നും റിപ്പോ‍ർട്ടിലുണ്ട്.