ചെറുപ്പം മുതലേ കുട്ടികളിൽ ദേശസ്നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തുക എന്നതാണ് ലക്ഷ്യം. വിരമിച്ച സൈനിക ഉദ്യോഗസ്ഥരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക.
മുംബൈ: ഒന്നാം ക്ലാസ് മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി ദാദാ ഭുസെ അറിയിച്ചതാണിത്. ചെറുപ്പം മുതലേ കുട്ടികളിൽ ദേശസ്നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തുക എന്നതാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വിരമിച്ച സൈനിക ഉദ്യോഗസ്ഥരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക. കായിക അധ്യാപകർ, എൻസിസി (നാഷണൽ കേഡറ്റ് കോർപ്സ്), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക. രാജ്യസ്നേഹം വളർത്തുന്നതിനും വ്യായാമവും അച്ചടക്കമുള്ള ജീവിതവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രയോജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള 2.5 ലക്ഷത്തിലധികം മുൻ സൈനികരെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. രാജ്യവ്യാപകമായി വിവിധ മോക് ഡ്രില്ലുകൾ നടത്തിയിരുന്നു. മെയ് 7-ന് 'ഓപ്പറേഷൻ അഭ്യാസ്', മെയ് 31-ന് 'ഓപ്പറേഷൻ ഷീൽഡ്' എന്നിവയ്ക്ക് കീഴിൽ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങളെയും അധികൃതരെയും സജ്ജമാക്കുന്നതിനായാണ് മോക്ക് ഡ്രില്ലുകൾ നടത്തിയത്.


