ആഭ്യന്തരമന്ത്രിയുടെ വസതിയോട് ചേന്നുളള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായുള്ള മുറിയിലെ മരപ്പലകകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്.

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ പാമ്പ് കയറി. ഏഷ്യാറ്റിക് വാട്ടർ പാമ്പ് എന്നറിയപ്പെടുന്ന ചെക്കര്‍ഡ് കീല്‍ബാക്ക് ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് വീട്ടില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വൈല്‍ഡ് ലൈഫ് എസ്ഒഎസ് സംഘം പാമ്പിനെ പിടികൂടി. അഞ്ച് അടിയോളം നീളമുള്ള പാമ്പിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടാനായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ആഭ്യന്തരമന്ത്രിയുടെ വസതിയോട് ചേന്നുളള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായുള്ള മുറിയിലെ മരപ്പലകകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം വൈല്‍ഡ് ലൈഫ് എസ്ഒഎസ് സംഘത്തെ അറിയിക്കുകയായിരുന്നു. വൈല്‍ഡ് ലൈഫ് സംഘം ശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മരപ്പലകകള്‍ക്കുള്ളിലേക്ക് ഒളിച്ചു. തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടി. വിഷമില്ലാത്ത ഇനം പാമ്പാണ് ഇതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ വിഷമുള്ളവയല്ല. കായലുകള്‍, നദികള്‍, കുളങ്ങള്‍, അഴുക്കുചാലുകള്‍, കൃഷിഭൂമികള്‍, കിണറുകള്‍ തുടങ്ങിയ ജലാശയങ്ങളിലാണ് ചെക്കര്‍ഡ് കീല്‍ബാക്ക് പ്രധാനമായും കാണപ്പെടുന്നത്. വന്യജീവി (സംരക്ഷണം) നിയമം, 1972 ലെ ഷെഡ്യൂള്‍ രണ്ട് പ്രകാരം ഈ ഇനം സംരക്ഷിക്കപ്പെട്ട പാമ്പാണ് ഇത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പിനെ കൊല്ലാതെ തങ്ങളെ വിളിച്ച് വരുത്തിയത് സന്തോഷകരമായ കാര്യമാണെന്ന് വൈൽഡ് ലൈഫ് എസ്ഒഎസ് സഹസ്ഥാപകനും സിഇഒയുമായ കാർത്തിക് സത്യനാരായണൻ പറഞ്ഞു.

Read More : ഗ്രാമവാസികള്‍ പിടിച്ചത് 'രണ്ട് തല'യുള്ള പാമ്പ്, വൈകിയില്ല പാമ്പ് കോടതി കയറി!