മധ്യപ്രദേശിലെ ധറിൽ, വീട്ടിൽ അതിക്രമിച്ചുകയറിയ ഒരാൾ അമ്മയുടെ മുൻപിൽ വച്ച് അഞ്ച് വയസുകാരൻ്റെ തലയറുത്ത് കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു. നാട്ടുകാർ പിടികൂടി മർദ്ദിച്ച പ്രതി പിന്നീട് മരിച്ചു.
ധർ: മധ്യപ്രദേശിൽ അഞ്ച് വയസുകാരനെ അമ്മയുടെ മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ധർ നഗരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. അഞ്ച് വയസ് പ്രായമുണ്ടായിരുന്ന വികാസ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. അക്രമിയെ തടയുന്നതിനിടെ അമ്മയ്ക്കും വെട്ടേറ്റു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ മർദ്ദിച്ചു. ഇയാളെ പിന്നീട് പൊലീസിന് കൈമാറിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസിന് വിവരം ലഭിച്ചു.
അലിരാജ്പൂർ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയായ മഹേഷ് (25) ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാളുമായി യാതൊരുവിധ മുൻപരിചയവുമില്ലാത്ത കുടുംബത്തിൻ്റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഇന്ന് രാവിലെ ബൈക്കിൽ ഇവിടേക്ക് വന്ന പ്രതി വീടിനുള്ളിലേക്ക് കയറി പോവുകയും അഞ്ച് വയസുകാരനായ കുട്ടിയെ വീട്ടിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. കുട്ടിയുടെ ഉടലിൽ നിന്നും തല വേർപെട്ടതായാണ് പുറത്തുവരുന്ന വിവരം. തടയാൻ ശ്രമിച്ചപ്പോഴാണ് കുട്ടിയുടെ അമ്മയും ആക്രമിക്കപ്പെട്ടത്. പിന്നാലെ നാട്ടുകാർ ഓടിക്കൂടുകയും പ്രതിയെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു.
അങ്ങേയറ്റം ഹൃദയഭേദകമായ കൊലപാതകമെന്നാണ് സംഭവത്തെ കുറിച്ച് ധർ പൊലീസ് സൂപ്രണ്ട് മായങ്ക് അവസ്തി പ്രതികരിച്ചത്. പ്രതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിയായ മഹേഷിന് വീട്ടിൽ നിന്ന് കാണാതായിട്ട് ദിവസങ്ങളായെന്നാണ് കുടുംബം വ്യക്തമാക്കിയത്. ഇയാൾ കുട്ടിയെ കൊലപ്പെടുത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് ഒരു കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.



