കര്‍ണാടക പൊലീസിന്‍റെ പിടിയിലായി മലയാളി യുവാക്കള്‍, കയ്യിൽ കഞ്ചാവും തോക്കും; നിരവധി കേസുകളിൽ പ്രതികള്‍

വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പൊലീസിന്‍റെ പിടിയിലായത്. അറസ്റ്റിലായ അഞ്ചുപേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. 

five young malayali men arrested by karnataka police

മംഗളൂരു: തോക്കുകളും വെടിയുണ്ടകളുമായി അഞ്ച് മലയാളികള്‍ കര്‍ണാടക പൊലീസിന്‍റെ പിടിയില്‍. രണ്ട് ദിവസങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 12 കിലോ കഞ്ചാവും പൊലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പൊലീസിന്‍റെ പിടിയിലായത്. അറസ്റ്റിലായ അഞ്ചുപേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. 

മംഗല്‍പ്പാടി സ്വദേശി അബ്ദുല്‍ ലത്തീഫ് എന്ന തോക്ക് ലത്തീഫ്, പൈവളിഗെ കുരുടപ്പദവിലെ മന്‍സൂര്‍, മഞ്ചേശ്വരം കടമ്പാര്‍ സ്വദേശികളായ മുഹമ്മദ് അസ്ഗര്‍, മുഹമ്മദ് സാലി, ഭീമനടി കുന്നുംകൈ സ്വദേശി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അര്‍ക്കുള ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 12 കിലോ കഞ്ചാവുമായി അബ്ദുല്‍ ലത്തീഫ് പിടിയിലായത്. കര്‍ണാടകയില്‍ പലപ്പോഴായി നടന്ന വെടിവെപ്പ് കേസുകളിലെ പ്രതികള്‍ക്ക് തോക്കുകള്‍ എത്തിച്ച് കൊടുത്തത് ലത്തീഫാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം അടക്കം 13 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ലത്തീഫ്

നടേക്കാല്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് മന്‍സൂര്‍, നൗഫല്‍ എന്നിവര്‍ പിടിയിലായത്. രണ്ട് തോക്കുകളും നാല് വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടികൂടി. മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍.

ദേവിപുരയില്‍ ആയുധങ്ങളുമായി യുവാക്കള്‍ കാറില്‍ പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അസ്ഗര്‍, മുഹമ്മദ് സാലി എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും രണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തു. കൊലപാതക ശ്രമം മയക്കുമരുന്ന് കടത്ത് അടക്കം അസ്ഗറിനെതിരെ 17 ക്രിമിനല്‍ കേസുകളുണ്ട്. സാലിക്കെതിരെ 10 കേസുകളാണ് നിലവിലുള്ളത്.

Read More:ആദ്യം പിടിയിലായ യുവാവിൽ നിന്ന് നിർണായക വിവരങ്ങൾ; പിടികൂടിയത് ബംഗളുരുവിലെ ബിസിഎ വിദ്യാർത്ഥികളുടെ ലഹരിക്കടത്ത്


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios