Asianet News MalayalamAsianet News Malayalam

ടേക്ക് ഓഫിന് തൊട്ട് മുമ്പ് മുത്തശ്ശിയുടെ മരണ വാർത്തയറിഞ്ഞ് പൈലറ്റ് അസ്വസ്ഥനായി; ക്രൂവിനെ മാറ്റി, വിമാനം വൈകി

വിമാനം പാർക്കിംഗ് ബേയിൽ നിന്ന് പുറപ്പെട്ട് ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോഴാണ് പൈലറ്റിന് മുത്തശ്ശി മരണപ്പെട്ടതായുള്ള അറിയിപ്പ് ലഭിച്ചത്.

flight delayed by 3 hours after pilot learns about grandmother death btb
Author
First Published Jan 19, 2024, 4:55 PM IST

ദില്ലി: വിമാനം പറന്നുയരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് മുത്തശ്ശിയുടെ മരണവിവരം പൈലറ്റ് അറിഞ്ഞതിനെത്തുടർന്ന് സര്‍വീസ് മൂന്ന് മണിക്കൂർ വൈകി. പട്‌നയിൽ നിന്ന് പൂനെയിലേക്കുള്ള ഇൻഡിഗോ വിമാനമാണ് വൈകിയത്. ബുധനാഴ്ചയാണ് സംഭവം. വിമാനം പാർക്കിംഗ് ബേയിൽ നിന്ന് പുറപ്പെട്ട് ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോഴാണ് പൈലറ്റിന് മുത്തശ്ശി മരണപ്പെട്ടതായുള്ള അറിയിപ്പ് ലഭിച്ചത്. ഇതോടെ അസ്വസ്ഥനായ പൈലറ്റ് ആ സമയം ഇനി വിമാനം പറത്തുന്നത് ശരിയാവില്ലെന്ന് വിലയിരുത്തിയാണ് എയര്‍ലൈൻ മറ്റ് മാര്‍ഗങ്ങള്‍ തേടിയത്.

വിമാനക്കമ്പനി ഉടൻ മറ്റൊരു ക്രൂവിനെ ഏര്‍പ്പാടാക്കി. എന്നാല്‍, അതിന് കുറച്ച് സമയമെടുത്തു. അതിനിടയിൽ യാത്രക്കാർക്ക് ലഘുഭക്ഷണം നൽകുകയും ചെയ്തു. അതേസമയം, മുംബൈ വിമാനത്താവളത്തിൽ മൂടൽ മഞ്ഞ് കാരണം വൈകിയ ഇൻഡി​ഗോ വിമാനത്തിലെ യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണ കഴിച്ച സംഭവത്തിൽ ഇൻഡി​ഗോയ്ക്കും, വിമാനത്താവള അധികൃതർക്കും ഡിജിസിഎ പിഴ ചുമത്തി.

ഇൻഡി​ഗോയ്ക്ക് 1.20 കോടി രൂപയും, വിമാനത്താവള അധികൃതർക്ക് 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഡിജിസിഎ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇരുവരും നൽകിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ഡിജിസിഎ നടപടി. ​ഗോവ-ദില്ലി വിമാനത്തിലെ യാത്രക്കാരാണ് ടാർമാക്കിലിരുന്ന് ഭക്ഷണം കഴിച്ചത്. 12 മണിക്കൂർ വൈകിയ വിമാനം പിന്നീട് മുംബൈയിലേക്ക് തിരിച്ചുവിട്ടെന്നും യാത്രക്കാർ എക്സിൽ കുറിച്ചിരുന്നു.

ഗണേഷ് കുമാറിന്‍റെ പുതിയ തീരുമാനത്തിൽ ഞെട്ടി യാത്രക്കാർ; കടുത്ത നിരാശയും വിഷമവും തുറന്ന് പറഞ്ഞ് നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios