രാജ്യതലസ്ഥാനത്ത് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സർക്കാർ അനുനയ നീക്കത്തിൽ. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. കുറ്റക്കാർക്ക് കഠിന ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധം അലയടിക്കുമ്പോൾ അനുനയനീക്കത്തിന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം തുടരുമ്പോൾ മന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താൻ എത്തി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് എത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചുമതല കൂടിയുള്ള മന്ത്രിയാണ് ജിതേന്ദ്ര സിംഗ്. സിജെപി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. സമരക്കാർക്കൊപ്പം രാഹുലും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയും അടക്കമുള്ള നേതാക്കൾ ചേർന്നപ്പോൾ പ്രതിഷേധക്കാരുടെ ആവേശം ഇരട്ടിയായി. മുഖ്യമന്ത്രി വി ഡി സതീശനും കെ സി വേണുഗോപാലും സമരത്തില്‍ പങ്കാളിയായി.
നേരത്തെ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരമായ കുറ്റമാണെന്നും കൊടും പാതകമാണെന്നും എൻഡിഎ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സംഭവം വെളിച്ചത്തുവന്ന ഉടൻ തന്നെ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, കേസിൽ ഉൾപ്പെട്ട പ്രധാന പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 13 പ്രതികൾ കസ്റ്റഡിയിലാണെന്നും പ്രധാനമന്ത്രി യോഗത്തെ അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു വിശദീകരിച്ചു. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവി സുരക്ഷിതമാക്കുന്നതിനായി നീറ്റ് പുനഃപരീക്ഷ വേഗത്തിൽ നടത്താൻ സർക്കാർ തീരുമാനിക്കുകയും, അത് വിജയകരമായി പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കുകയും ചെയ്തുവെന്നും മന്ത്രി കൂട്ടിചേർത്തു.
ഭാവിയിൽ ഇത്തരം പരീക്ഷാ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ അതിവേഗ നടപടികൾ സ്വീകരിച്ചതെന്ന് കിരൺ റിജിജു വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെയുള്ള കടുത്ത നടപടികൾ ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ തടയാനും പൊതുപരീക്ഷകളുടെ സുതാര്യതയും വിശ്വസ്തതയും സംരക്ഷിക്കാനും സഹായിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.


