അതിസാഹസികമായ രക്ഷാപ്രവർത്തനം നടത്തി സൈന്യം

ദില്ലി: ലഡാക്കിൽ അതിസാഹസികമായ രക്ഷാപ്രവർത്തനം നടത്തിയ കരസേനയുടെ ദൃശ്യങ്ങൾ പുറത്ത്. കോങ്മരുള ചുരത്തിൽ വച്ച് ഹൃദയാഘാതം സംഭവിച്ചയാളെ രക്ഷപ്പെടുത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊറിയൻ ദമ്പതികളെയാണ് കരസേന രക്ഷപ്പെടുത്തിയത്. രാത്രി മഞ്ഞുമലയ്ക്ക് സമീപം ഹെലികോപ്ടർ ഇറക്കിയായിരുന്നു രക്ഷാപ്രവർത്തനം.

കോങ്മരുള ചുരത്തിൽ വച്ചായിരുന്നു വിനോദ സഞ്ചാരികളിലൊരാൾക്ക് ഹൃദയാഘാതം ഉണ്ടായത്. എന്നാൽ ഇവിടെ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് ദുഷ്കരമായിരുന്നു. തുടർന്ന് കരസേന രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു. പ്രദേശത്ത് മഞ്ഞുമലയായതിനാൽ ഹെലിപാഡില്ലായിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു സൈന്യത്തിൻ്റെ രക്ഷാപ്രവർത്തനം. ​ഹെലികോപ്റ്റർ എത്തിച്ച് രോ​ഗിയെ രക്ഷിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റുന്നതും പ്രാഥമിക ചികിത്സ നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. 17,000 അടിയിലധികം ഉയരത്തിലാണ് രക്ഷാപ്രവർത്തനം നടന്നതെന്നാണ് അമ്പരപ്പിക്കുന്ന വസ്തുത.