ദില്ലി: അതിര്‍ത്തിയില്‍ തര്‍ക്കം നിലനില്‍ക്കെ ചൈനക്ക് മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. നയതന്ത്രതലത്തിലും സൈനിക തലത്തിലും സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ലഡാക്ക് നിയന്ത്രണ രേഖയിലെ ചൈനീസ് പ്രകോപനത്തിനെതിരെ സൈനിക നടപടി ആലോചനയിലെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. 

ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇത് ദൗര്‍ബല്യമായി കാണരുത്. പാംഗോങ് മേഖലയില്‍ നിന്ന് പിന്മാറാന്‍ ചൈന യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ബിപിന്‍ റാവത്ത് ചൂണ്ടിക്കാട്ടി. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് സംയുക്ത സൈനിക മേധാവി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലഡാക്ക് നിയന്ത്രണ രേഖയിലെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ സൈനിക നടപടിയല്ലാതെ മറ്റ് മാര്‍ഗമുണ്ടാകില്ല. തല്‍സ്ഥിതി നിലനിര്‍ത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതത്വത്തില്‍ എല്ലാ സാധ്യതകളും ആരായുന്നുണ്ടെന്നും അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ നാല് വര്‍ഷമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നമ്മള്‍ ആഗ്രഹിച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷമുണ്ടാകുന്നത് കൃത്യമായി അതിര്‍ത്തി നിര്‍ണയിക്കാന്‍ സാധിക്കാത്തതിനാലാണ്. കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച തന്നെയാണ് പ്രധാന മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. 

അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ചൈനീസ് സൈന്യം ഗൗരമായ നടപടികളെടുക്കുന്നില്ലെന്നാണ് ഇന്ത്യന്‍ സേനയുടെ വിലയിരുത്തല്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തല്‍സ്ഥിതിയില്‍ ചൈന ഇടക്കിടെ മാറ്റം വരുത്തുന്നത് പ്രകോപനമായിട്ടാണ് ഇന്ത്യന്‍ സൈന്യം കാണുന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ചൈനക്ക് താല്‍പര്യമില്ലെന്നും സൈന്യം വിലയിരുത്തുന്നു.