89 വയസ്സായിരുന്നു. ഇന്ത്യൻ നാഷണൽ ലോക്ദൾ അധ്യക്ഷനാണ്. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം.
ദില്ലി: ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക് ദൾ അധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. മുൻ ഉപ പ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ചൗധരി ദേവിലാലിന്റെ മകനായ ഓം പ്രകാശ് ചൗട്ടാല 5 തവണ ഹരിയാന മുഖ്യമന്ത്രിയായിട്ടുണ്ട്. ചൗട്ടാലയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും അതീവ ദുഖം രേഖപ്പെടുത്തി.
ദേവിലാലിനൊപ്പം ആദ്യം ലോക് ദളിലും, പിന്നീട് ജനതാദളിലും പ്രവർത്തിച്ച ചൌട്ടാല പിന്നീട് ഇന്ത്യന് നാഷണല് ലോക്ദളിനെ ഹരിയാനയിലെ പ്രധാന പ്രാദേശിക പാർട്ടിയായി വളർത്തുകയായിരുന്നു. അധ്യാപന നിയമന കേസിൽ അറസ്റ്റിലായി 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ചൗട്ടാല 2021 ൽ പുറത്തിറങ്ങിയെങ്കിലും 2022 ൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ വീണ്ടും ജയിലിലായിരുന്നു. ജെജെപി നേതാവ് അജയ് സിംഗ് ചൗട്ടാല, ഐഎന്എല്ഡി നേതാവ് അഭയ് സിംഗ് ചൗട്ടാല എന്നിവർ മക്കളാണ്.
