മുതിർന്ന സിപിഐ (മാവോയിസ്റ്റ്) നേതാവ് ഭൂപതി എന്ന മല്ലോജുല വേണുഗോപാൽ റാവുവും മറ്റ് 60 മാവോയിസ്റ്റുകളും ഗഡ്ചിരോളിയിൽ കീഴടങ്ങി. ഇത് ജില്ലയിൽ നിന്ന് മാവോയിസത്തെ ഉന്മൂലനം ചെയ്യുന്നതിന്‍റെ തുടക്കമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

മുംബൈ: ഗഡ്ചിരോളി ജില്ലയെ സംബന്ധിച്ച് ഇന്ന് സുപ്രധാന ദിവസമാണെന്നും ജില്ലയിൽ നിന്നും മാവോയിസത്തെ ഉന്മൂലനം ചെയ്യൽ ഇന്നിവിടെ തുടങ്ങുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുതിർന്ന സിപിഐ (മാവോയിസ്റ്റ്) നേതാവ് ഭൂപതി എന്നറിയപ്പെടുന്ന നക്‌സൽ കമാൻഡർ മല്ലോജുല വേണുഗോപാൽ റാവുവും മറ്റ് 60 നക്‌സലൈറ്റുകളും ഗഡ്ചിരോളി പൊലീസ് ആസ്ഥാനത്ത് കീഴടങ്ങിയതിന് പിന്നാലെയാണ് ഫഡ്നാവിസിന്‍റെ പരാമർശം.

"ഗഡ്ചിരോളി ജില്ലയ്ക്ക് ഇന്ന് പ്രധാനപ്പെട്ട ദിവസമാണ്. ഗഡ്ചിരോളിയിൽ നിന്ന് മാവോയിസത്തെ ഇല്ലാതാക്കുന്ന പ്രക്രിയ ഇന്ന് ആരംഭിച്ചു. 40 വർഷത്തിലേറെയായി ഗഡ്ചിരോളി ജില്ല മാവോയിസത്തിനെതിരെ പോരാടുകയാണ്. ചന്ദ്രപൂർ, ഭണ്ഡാര, ഗോണ്ടിയ എന്നിവയും തുടക്കത്തിൽ മാവോയിസത്തിന്‍റെ സ്വാധീനത്തിലായിരുന്നു. മഹാരാഷ്ട്രയുടെ അതിർത്തി പങ്കിടുന്ന ഛത്തീസ്ഗഢും തെലങ്കാനയും നക്‌സലിസത്തിന്‍റെ പിടിയിലായിരുന്നു. പ്രദേശത്ത് വികസന പ്രവർത്തനങ്ങളൊന്നും നടന്നില്ല. യുവാക്കൾ വഴിതെറ്റിപ്പോയി"- ഫഡ്നാവിസ് പറഞ്ഞു.

കേന്ദ്രവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഭൂപതി

40 വർഷങ്ങൾക്ക് മുമ്പ് ഗഡ്ചിരോളിയിൽ 'അഹേരി സിറോഞ്ച' എന്ന പുതിയ സംഘം ആരംഭിച്ചത് സോനു എന്ന ഭൂപതിയായിരുന്നു. 60 പേർക്കൊപ്പം അദ്ദേഹം ആയുധം താഴെവച്ചത് സമാധാനത്തിലേക്കുള്ള നീക്കത്തിന്‍റെ സൂചനയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രതികരിച്ചു. ഔപചാരിക സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് ആലോചിക്കാൻ ഭൂപതി ഒരു മാസത്തെ സമയം അഭ്യർത്ഥിച്ചു. ഇക്കാലയളവിൽ പാർട്ടി പ്രവർത്തകർക്കെതിരെ ആയുധം ഉപയോഗിക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു-

"ഞാൻ ആയുധം താഴെ വയ്ക്കുകയാണ്. രാജ്യത്തെ അടിച്ചമർത്തപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതിനുള്ള കൂട്ടായ്മയുടെ ഭാഗമാകും. ഈ വർഷം മാർച്ച് മുതൽ ഞങ്ങളുടെ പാർട്ടി സർക്കാരുമായി സമാധാന ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്. മെയിൽ പാർട്ടി ചീഫ് സെക്രട്ടറി ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. ആയുധം താഴെ വയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ഒരു മാസത്തെ സമയം ആവശ്യപ്പെടുകയും ചെയ്തു. നിർഭാഗ്യവശാൽ, കേന്ദ്ര സർക്കാർ അതിന് മറുപടി നൽകിയില്ല. പകരം, ആക്രമണ തീവ്രത വർദ്ധിപ്പിച്ചിരിക്കുകയാണ്"- ഭൂപതി പ്രതികരിച്ചു.

മെയ് 21 ന് നടന്ന ആക്രമണത്തിൽ മാവോയിസ്റ്റ് ചീഫ് സെക്രട്ടറി ബസവരാജുവും കൂടെയുണ്ടായിരുന്നവരും കൊല്ലപ്പെട്ടു. എങ്കിലും സമാധാന ചർച്ചകൾക്കുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം പാതിവഴിയിൽ ഏറ്റെടുക്കുകയാണെന്ന് ഭൂപതി പറഞ്ഞു- "ഞങ്ങൾ ആയുധം താഴെവെച്ച് മുഖ്യധാരയുടെ ഭാഗമാകാൻ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി നിയമിച്ച ആളുകളുമായി ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ തീരുമാനത്തോട് യോജിക്കുന്ന ആളുകൾക്കിടയിൽ നിന്ന് ഒരു പ്രതിനിധി സംഘത്തെ രൂപീകരിച്ച് സമാധാന ചർച്ചകളിൽ പങ്കെടുക്കും"- ഭൂപതി വ്യക്തമാക്കി.