പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള ഗുണ്ടാനേതാവ് ഹർജിന്ദർ ഹാരിയെ പഞ്ചാബ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. വിദേശത്തുള്ള ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ഇയാളുടെ പക്കൽ നിന്ന് പാക് നിർമിതമെന്ന് സംശയിക്കുന്ന തോക്കുകൾ കണ്ടെടുത്തു.

ദില്ലി: പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള ​ഗുണ്ടാനേതാവിനെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പഞ്ചാബ് പോലീസ്. ഗുണ്ടാനേതാവ് ഹർജിന്ദർ ഹാരിയാണ് കൊല്ലപ്പെട്ടത്. വിദേശത്തുള്ള ഗുണ്ടാനേതാക്കളുമായടക്കം ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈയിടെ ജയിലിൽ നിന്നിറങ്ങിയ ഇയാൾ ഒരാളെ കൊല്ലാൻ ശ്രമിക്കുമ്പോഴാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായതെന്ന് അമൃത്സർ കമ്മീഷണർ അറിയിച്ചു. കൊല്ലപ്പെട്ട ഹർജിന്ദർ ഹാരിയുടെ ഫോണുകൾ പരിശോധിച്ചതിൽ ഐഎസ്ഐയുമായും വിദേശത്തുള്ള ​ഗുണ്ടാ നേതാക്കളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

കൊല്ലപ്പെട്ടയാൾ അഞ്ച് ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പാക് നിർമിതമെന്ന് സംശയിക്കുന്ന 2 തോക്കുകളം ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പഞ്ചാബിലെ ഗുരു നാനാക് ദേവ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്നാണ് രണ്ട് പിസ്റ്റളുകൾ പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഗുണ്ടാ നേതാവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന അട്ടാരി സ്വദേശി സണ്ണി രക്ഷപ്പെട്ടു. അയാളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. വിദേശത്ത് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുമായും ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലെത്തിച്ചതിലും ഹർജിന്ദറിന് ബന്ധമുണ്ടെന്ന് കമ്മീഷണർ പറയുന്നു.