ദില്ലി: ജമ്മു കശ്മീരിൽ ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സഹപ്രവർത്തകന്റെ സഹോദരിയുടെ വിവാഹം നടത്തി സൈനികർ. ഗരുഡ് കമാൻ്റോ സൈനികനായിരുന്ന പട്ന സ്വദേശി ജ്യോതി പ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹമാണ് സൈനികർ ചേർന്ന് നടത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക സേനാവിഭാ​ഗമാണ് ​ഗരുഡ് കമാൻ്റോ.

കുടുംബത്തിലെ നാല് സഹോദരിമാർക്കും കൂടി ഒരേയൊരു സഹോദരനായിരുന്നു പ്രകാശ്. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം സാമ്പത്തികമായി കഷ്ടതയനുഭവിക്കുകയാണെന്ന് കണ്ട ഗരുഡ് കമാൻ്റോയിൽ ഉണ്ടായിരുന്ന സൈനികർ ചേർന്നാണ് സഹോദരിയുടെ വിവാഹം നടത്തിയത്. കമാന്റോയിലുള്ള സൈനികരില്‍ നിന്നും  തുക പിരിച്ചാണ് വിവാഹത്തിനുള്ള പണം കണ്ടെത്തിയത്. ഒരാളുടെ കയ്യിൽനിന്ന് 500 രൂപ വീതം പിരിച്ച് അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വിവാഹത്തിനായി ശേഖരിച്ചത്.

സൈനികർ ചേർന്ന് സഹോദരന്റെ സ്ഥാനത്തുനിന്ന് പ്രകാശിന്റെ സഹോദരിയുടെ വിവാഹം നടത്തുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതിർത്തിയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചാണ് പ്രകാശ് നിരാല രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. 2018-ൽ പ്രകാശ് നിരാലയെ മരണാനന്തര ബഹുമതിയായി അശോക ചക്ര നൽകി രാജ്യം ആദരിച്ചിരുന്നു.