രാജ്യത്തെ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് പണിമുടക്കുമായി ഡെലിവറി ജീവനക്കാർ. ശനിയാഴ്ച അഞ്ച് മണിക്കൂർ നേരം പണിമുടക്ക് നടത്താൻ ഗിഗ് ആൻ്റ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ്റെ ആഹ്വാനം. ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് പണിമുടക്ക്.
ദില്ലി: ഇന്ധനവില വർധനവിലും കുറഞ്ഞ വേതന നിരക്കിലും പ്രതിഷേധിച്ച് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഡെലിവറി ജീവനക്കാർ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ ഡെലിവറി ജീവനക്കാർ പണിമുടക്കും. ഗിഗ് ആൻ്റ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പെട്രോൾ, ഡീസൽ വില വർധനവ് മൂലം വരുമാനം നേടാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. മുഴുവൻ ആപ്പ് അധിഷ്ഠിത സർവീസുകളും നിർത്തിവെച്ച് ജീവനക്കാർ പണിമുടക്കിൻ്റെ ഭാഗമാകണമെന്നും സംഘടന ആഹ്വാനം ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം അഞ്ചുമണിവരെ ആപ്പ് അധിഷ്ഠിത സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് മുഴുവൻ ഡെലവറി ജീവനക്കാരും പണിമുടക്കിൻ്റെ ഭാഗമാകണമെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഗിഗ് ആൻ്റ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ ആഹ്വാനം ചെയ്തു. ഇന്ധനവില വർധനവിലും കുറഞ്ഞ വേതന നിരക്കിലും പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നതെന്നും സംഘടന പോസ്റ്റിൽ അറിയിച്ചു.
ആഗോള സംഭവവികാസങ്ങളെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന ഉണ്ടായതിന് പിന്നാലെയാണ് ഡെലിവറി ജീവനക്കാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ വീതമാണ് വർധിപ്പിച്ചത്.
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടാകുന്ന വർധനയാണ് ഇന്ത്യയിൽ ഇന്ധനവില വർധനയ്ക്ക് ഇടയാക്കിയത്. സംഘർഷത്തിന് മുൻപ് ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറായിരുന്നെങ്കിൽ ഇപ്പോഴിത് 105 ഡോളറിൽ എത്തി. ഇതോടെ വില വർധിപ്പിക്കാതെ നിവൃത്തിയില്ലെന്ന നിലപാട് രാജ്യത്തെ എണ്ണക്കമ്പനികൾ സ്വീകരിക്കുകയായിരുന്നു. ഇന്ധനവിലയിലെ മാറ്റം സാധാരണക്കാർക്കടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.


