Asianet News MalayalamAsianet News Malayalam

പീഡിപ്പിക്കപ്പെട്ട് ഉടുവസ്ത്രമില്ലാതെ 12കാരി, സഹായത്തിനായി വീടുകള്‍ കയറിയിറങ്ങി; ആട്ടിയോടിച്ച് നാട്ടുകാര്‍

വീടുകള്‍ തോറും കയറിയിറങ്ങി പെണ്‍കുട്ടി സഹായത്തിനായി കേഴുന്ന ദൃശ്യം സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. ഒടുവില്‍ രക്ഷകനായെത്തിയത് ഒരു സന്യാസിയാണ്

girl who was raped went door to door for help but people refused to help SSM
Author
First Published Sep 27, 2023, 12:20 PM IST

ഉജ്ജയിന്‍: ബലാത്സംഗം ചെയ്യപ്പെട്ട 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ സഹായം തേടി അലഞ്ഞു. പക്ഷെ ആരും സഹായിക്കാൻ തയ്യാറായില്ല. ഒടുവില്‍ സമീപവാസിയായ സന്യാസിയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. 

വീടുകള്‍ തോറും കയറിയിറങ്ങി പെണ്‍കുട്ടി സഹായത്തിനായി കേഴുന്ന ദൃശ്യം സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. ആളുകൾ പെണ്‍കുട്ടിയെ തുറിച്ചുനോക്കുകയാണ് ചെയ്തത്. ആരും സഹായിക്കാൻ തയ്യാറായില്ല. ചിലരാകട്ടെ പെണ്‍കുട്ടിയെ ആട്ടിയോടിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്‌നഗർ റോഡിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 

പെൺകുട്ടി ഒടുവിൽ ഒരു ആശ്രമത്തിലെത്തി. അവിടെയുള്ള സന്യാസി ധരിക്കാന്‍ വസ്ത്രം നല്‍കി. അദ്ദേഹം ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയിൽ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു.

പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. അവൾക്ക് രക്തം ദാനം ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നു. ആരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. 

പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഉജ്ജയിൻ പൊലീസ് മേധാവി സച്ചിൻ ശർമ പറഞ്ഞു. മെഡിക്കൽ പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ പൊലീസിനെ അറിയിക്കണമെന്ന് സച്ചിന്‍ വര്‍മ ജനങ്ങളോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി ആരാണെന്നും  കുറ്റകൃത്യം നടന്നത് എവിടെ വെച്ചാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തണമെന്ന് പൊലീസ് പറഞ്ഞു.

2019 നും 2021 നും ഇടയിൽ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും തിരോധാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2021 ൽ രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണ്- 6462  കേസുകള്‍. അതിൽ പകുതിയില്‍ ഏറെയും പ്രായപൂർത്തിയാകാത്തവർക്കെതിരായ കുറ്റകൃത്യങ്ങളാണ്. 

Follow Us:
Download App:
  • android
  • ios