മിന്നൽ പ്രളയം ബാധിച്ച മേഖലയിൽ 24 മണിക്കൂറിലുണ്ടായ മഴയുടെ തോത് വിലയിരുത്തിയാണ് ഗവേഷകരുടെ നിരീക്ഷണം

ധരാലി: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ കനത്ത നാശത്തിന് കാരണമായ മിന്നൽ പ്രളയത്തിന് കാരണം മേഘവിസ്ഫോടനം അല്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിന് കാരണം കൂറ്റന്‍ ഹിമാനിയോ ഹിമ തടാകമോ തകര്‍ന്നതാണെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. മീറ്ററോളജിക്കൽ, സാറ്റലൈറ്റ് ഡാറ്റകളുടെ വിവരം ഉദ്ധരിച്ചാണ് വിദഗ്ധരുടെ നിരീക്ഷണം.

മിന്നൽ പ്രളയം ബാധിച്ച മേഖലയിൽ 24 മണിക്കൂറിലുണ്ടായ മഴയുടെ തോത് വിലയിരുത്തിയാണ് ഗവേഷകരുടെ നിരീക്ഷണം. മിന്നൽ പ്രളയം ഉണ്ടാവുന്നതിന് ആവശ്യമായ മഴ മേഖലയിൽ ലഭിച്ചിട്ടില്ല. അതിനാലാണ് കൂറ്റന്‍ ഹിമാനിയോ ഹിമ തടാകമോ തക‍ർന്നതാണ് മിന്നൽ പ്രളയത്തിന് കാരണമായതെന്ന വിലയിരുത്തൽ വിദഗ്ധർ നടത്തുന്നത്. മിന്നല്‍പ്രളയമുണ്ടാകുമ്പോള്‍ പരിമിതമായ മഴയാണ് പ്രദേശത്ത് ലഭിച്ചിരുന്നതെന്നതാണ് മേഘ വിസ്ഫോടനം തന്നെയാണോ ഉണ്ടായതെന്ന സംശയം തോന്നാൻ കാരണമായത്. 

സംഭവമുണ്ടാകുന്ന 24മണിക്കൂര്‍ സമയപരിധിയില്‍ ഹര്‍സിലില്‍ 6.5 മില്ലീമീറ്ററും ഭട്​വരിയില്‍ 11 മില്ലീ മീറ്ററും മാത്രമാണ് മഴപെയ്തത്. ഇത് മേഘ വിസ്ഫോടനമുണ്ടായാല്‍ പെയ്യുന്ന മഴയുടെ അളവിലും വളരെ കുറവാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഉത്തരകാശിയിൽ 24 മണിക്കൂറിനുള്ളിൽ ലഭിച്ച പരമാവധി മഴ 27 മില്ലിമീറ്ററാണ്. ഇത് മിന്നൽ പ്രളയത്തിന് കാരണമായെന്ന് കരുതാനാവില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രദേശിക കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ രോഹിത് ഥാപ്ലിയാൽ ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കുന്നത്. ധരാലി ഗ്രാമത്തിന് മുകൾ ഭാഗത്തായി രണ്ട് ഹിമതടാകങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് വിശദമാക്കുന്നത്. ഇതില്‍ ഒന്ന് ഘീര്‍ ഗാഡ് അരുവിക്ക് മുകളിലാണ്. ധരാലിയിലൂടെയാണ് ഘീര്‍ ഗാഡ് ഒഴുകുന്നത്.

ഉത്തരാഖണ്ഡിൽ 1200 ഹിമ തടാകങ്ങളും 13 ഹിമാനികളുമുള്ളതായാണ് കണക്കുകൾ. ചെറുതും വലുതുമായ ഹിമ തടാകങ്ങളിൽ 13 എണ്ണം ഉയർന്ന അപകട സാധ്യതയുള്ളവയായാണ് വിലയിരുത്തുന്നത്. 5 എണ്ണം അതി തീവ്ര അപകടകാരിയായാണ് വിലയിരുത്തുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. ഗംഗോത്രിയിലേക്കുള്ള പാതയിലെ പ്രാധന ഇടങ്ങളിലൊന്നാണ് ധരാലി. ഈ ഗ്രാമത്തിന്റെ പാതിയിലേറെയും മിന്നൽ പ്രളയത്തിൽ ഒലിച്ച് പോയിട്ടുണ്ട്. ഹോട്ടലുകളും ഹോം സ്റ്റേകളും വീടുകളും അടക്കം പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. നാല് നില കെട്ടിടം അടക്കം ചീട്ടുകൊട്ടാരം വീഴുന്നത് പോലെ മിന്നൽ പ്രളയത്തിൽ തകരുന്ന കാഴ്ചകൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇന്നലെയുണ്ടായ മിന്നൽ പ്രളയത്തിൽ 130 പേരെ കാണാതാവുകയും നാല് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം