ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്ന് 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. സ്പീക്കർ യൂണിറ്റിനുള്ളിൽ ഒളിപ്പിച്ച 2.8 കിലോഗ്രാം തൂക്കം വരുന്ന 24 സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് കണ്ടെടുത്തത്. ഉടമസ്ഥാവകാശം ആരും ഉന്നയിക്കാത്തതിനാൽ സ്വർണം കണ്ടുകെട്ടി.
അഹമ്മദാബാദ്: ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്ന് കണ്ടെടുത്തത് 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം. ഏകദേശം 2.8 കിലോഗ്രാം തൂക്കം വരുന്ന 24 സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. വിമാനത്തിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്കറ്റുകൾ.
ജൂൺ 12നാണ് സംഭവം. ദുബായിൽ നിന്നെത്തിയ ഇൻഡിഗോയുടെ 6E-1478 നമ്പർ വിമാനത്തിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. വിമാനത്തിലെ എൻജിനീയർമാരുടെ സഹായത്തോടെ നടത്തിയ വിശദമായ പരിശോധനയിലാണ് മുൻവശത്തെ ശുചിമുറിയുടെ സ്പീക്കർ യൂണിറ്റിനുള്ളിൽ കറുത്ത പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് ഒട്ടിച്ച രണ്ട് പൗച്ചുകൾ കണ്ടെത്തിയത്. ഇതിനുള്ളിൽ 24 കാരറ്റ് (999.0 പ്യൂരിറ്റി) ഉള്ള വിദേശ നിർമ്മിത 24 സ്വർണ്ണ ബിസ്‌ക്കറ്റുകൾ അതീവ സുരക്ഷിതമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വർണ്ണത്തിന് ആകെ 2,799.3 ഗ്രാം തൂക്കമുണ്ട്.
കസ്റ്റംസ് ആക്ട് (1962) ലംഘിച്ച് ഇന്ത്യയിലേക്ക് സ്വർണം കടത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിമാനത്തിനുള്ളിൽ ഇത് ഒളിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സ്വർണ്ണത്തിന്‍റെ ഉടമസ്ഥാവകാശം ഉന്നയിച്ച് ആരും മുന്നോട്ടുവരാത്തതിനെ തുടർന്ന് കസ്റ്റംസ് നിയമപ്രകാരം ഇത് കണ്ടുകെട്ടി. വിമാനത്തിന്‍റെ സ്പീക്കർ സിസ്റ്റത്തിനുള്ളിൽ നിന്ന് ഉദ്യോഗസ്ഥർ സ്വർണ്ണക്കട്ടികൾ പുറത്തെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.
ആഗോളതലത്തിൽ സ്വർണ്ണവില ഉയർന്നുനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ സ്വർണ്ണത്തിനുള്ള ഡിമാൻഡിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉത്സവ സീസണുകളും നിക്ഷേപ താല്പര്യങ്ങളും കാരണം സ്വർണ്ണ ഇറക്കുമതി ഉയർന്നുതന്നെ നിൽക്കുകയാണ്. നികുതി വെട്ടിച്ച് അനധികൃത മാർഗ്ഗങ്ങളിലൂടെ സ്വർണം രാജ്യത്തേക്ക് കടത്താനുള്ള ശ്രമങ്ങൾ വർദ്ധിച്ചതോടെ ഇന്ത്യൻ വിമാനത്താവളങ്ങളിൽ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


