Asianet News MalayalamAsianet News Malayalam

അഭ്യൂഹങ്ങൾക്ക് വിട, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മത്സരത്തിനിറങ്ങും; പ്രഖ്യാപിച്ച് ബിജെപി

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി.  മധ്യപ്രദേശില്‍ ഇതുവരെ 136 ഇടത്ത് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Goodbye to rumours, Madhya Pradesh CM Shivraj Singh Chouhan to contest; BJP announces the next list of candidates
Author
First Published Oct 9, 2023, 7:03 PM IST

ദില്ലി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല എന്ന അഭ്യൂഹങ്ങൾക്ക് വിരമമിട്ട് ബിജെപി. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ അടുത്തഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പേരുണ്ട്. ശിവരാജ് സിംഗ് ചൗഹാൻ നിലവിലെ അദ്ദേഹത്തിന്റെ മണ്ഡലമായ ബുധിനിയിൽ നിന്ന് തന്നെ മത്സരിക്കും. മധ്യപ്രദേശിന് പുറമേ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലേക്ക് കൂടിയുള്ള സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മധ്യപ്രദേശിൽ 136 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ശിവരാജ് സിംഗ് ചൗഹാന് പുറമേ 56 സ്ഥാനാർത്ഥികളെ കൂടി മധ്യപ്രദേശിൽ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ വേണ്ടെന്ന തീരുമാനം ബിജെപി എടുത്തിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പേര് ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ ഉണ്ടാകാതിരുന്നത് നിരവധി അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു. മധ്യപ്രദേശിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ കൈലാഷ് വിജയ്‌വർഗിയ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ തനിക്ക് ഒരു ശതമാനം പോലും ആഗ്രഹമില്ലെന്ന് ഒരു പൊതുവേദിയിൽ പറഞ്ഞത് ബിജെപിയെ വെട്ടിലാക്കിയിരുന്നു. അതേസമയം  ഇന്ന് ഉച്ചക്ക് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. 

Also Read: തെലങ്കാനയിൽ ത്രികോണപ്പോര് ഉറപ്പ്; ഭരണം നിലനിർത്താൻ ബിആർഎസ്, കളം നിറഞ്ഞ് കോൺഗ്രസ്, കറുത്ത കുതിരയാകാൻ ബിജെപി

അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വർദ്ധിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios