Asianet News MalayalamAsianet News Malayalam

തെലങ്കാനയിൽ ത്രികോണപ്പോര് ഉറപ്പ്; ഭരണം നിലനിർത്താൻ ബിആർഎസ്, കളം നിറഞ്ഞ് കോൺഗ്രസ്, കറുത്ത കുതിരയാകാൻ ബിജെപി

വികസനക്കുതിപ്പിന്‍റെ കണക്ക് പറഞ്ഞ് ബിആർഎസ്സും, വാഗ്ദാനപ്പെരുമഴയുമായി കോൺഗ്രസും, മാറ്റം തേടി ബിജെപിയും കളത്തിലിറങ്ങുമ്പോൾ, എഐഎംഐഎമ്മിന്‍റെ അസദുദ്ദീൻ ഒവൈസി പിടിക്കുന്ന സീറ്റെണ്ണവും തെലാങ്കാനയിൽ നിർണായകമാകും
 

Triangular War Confirmed in Telangana BRS to retain the rule, Congress playing aggresive, BJP trying to become the dark horse
Author
First Published Oct 9, 2023, 1:54 PM IST

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന ഇത്തവണ ഒരുങ്ങുന്നത് ത്രികോണപ്പോരിനാണ്.  തെലാങ്കാനയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അടിമുടി ബിആർഎസ് ആയിരുന്നു കളത്തിൽ നിറഞ്ഞു നിന്നതെങ്കിൽ ഇത്തവണ കർണാടക മോഡൽ വാഗ്ദാനപ്പെരുമഴയുമായി കോൺഗ്രസ് കളം പിടിക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റം സംസ്ഥാന തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എഐഎംഐഎമ്മിന്‍റെ അസദുദ്ദീൻ ഒവൈസി പിടിക്കുന്ന സീറ്റെണ്ണവും നിർണായകമാകും. തെലാങ്കാനയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകൾ ഇങ്ങനെയാണ്:

2018ലെ തെരഞ്ഞെടുപ്പ് ഫലം
ബിആർഎസ് - 88
കോൺഗ്രസ് - 19
എഐഎംഐഎം - 7
ടിഡിപി - 2
ബിജെപി - 1
ഫോർവേഡ് ബ്ലോക്ക് - 1

പത്ത് വർഷം കൊണ്ട് തെലങ്കാനയിൽ ഞങ്ങൾ കൊണ്ടുവന്ന വികസനമെന്തെന്നത് ജനങ്ങൾക്കറിയാമെന്നും കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കൊച്ചുകുട്ടികളെ മിഠായി കൊടുത്ത് പറ്റിക്കാൻ ശ്രമിക്കുന്നത് പോലെ ബാലിശമാണെന്നും അതല്ല യഥാർഥ രാഷ്ട്രീയെന്നുമാണ് ബിആർഎസ് നേതാവും തെലാങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

Read More: ഇനി ഇലക്ഷൻ ചൂടിലേക്ക്, അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

അതേസമയം കർണാടക മാതൃകയിൽ സ്ത്രീവോട്ടർമാർക്ക് മുൻതൂക്കം നൽകിയുള്ള ക്ഷേമവാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് ജനങ്ങൾക്ക് മുന്നിലെത്തുന്നത്. സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ യുവനേതാവ് രേവന്ത് റെഡ്ഡിയുണ്ട്. പക്ഷേ ടിഡിപിയിൽ നിന്ന് വന്ന രേവന്തിന് മുൻതൂക്കം നൽകിയതിൽ മുതിർന്ന നേതാക്കൾക്കുള്ള അതൃപ്തിയടക്കം പാർട്ടിയിലെ ഉൾപ്പോര് കോൺഗ്രസിന് വലിയ തലവേദനയാണ്. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം വേതനം നൽകുന്ന മഹാലക്ഷ്മി പദ്ധതിയാണ് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം.

Read More: ഭരണത്തുടര്‍ച്ച ലഭിക്കുമോ കോൺഗ്രസിന് ? വസുന്ധരാജെ സിന്ധ്യ മാത്രമല്ല ബിജെപിക്ക് നേതാവ് ! കടുക്കും രാജസ്ഥാൻ

 ബിജെപിയാകട്ടെ 2020-ൽ ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കി സംസ്ഥാത്തെ കറുത്ത കുതിരയായതാണ്. എന്നാൽ ആ നേട്ടം നിലനിർത്താൻ ബിജെപിക്കായില്ല. പാർട്ടി അധ്യക്ഷൻ ബണ്ടി സഞ്ജയിനെതിരെ ഏട്ടല രാജേന്ദറടക്കമുള്ള നേതാക്കൾ കലാപക്കൊടിയുയർത്തിയതോടെ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ സംസ്ഥാനാധ്യക്ഷനെ മാറ്റേണ്ടി വന്നു ബിജെപിക്ക്. പക്ഷേ ഇത്തവണ മോദി അടക്കം കേന്ദ്രനേതൃത്വം നേരിട്ട് കളത്തിലിറങ്ങുമെന്നുറപ്പാണ്. ഇതോടൊപ്പം ഹൈദരാബാദ് അടക്കമുള്ള മുസ്ലിം ഭൂരിപക്ഷമേഖലകളിൽ നിന്ന് എഐഎംഐഎം പിടിക്കുന്ന സീറ്റുകളും തെരഞ്ഞെടുപ്പിൽ നിർണായകമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios