ദില്ലി: മനുഷ്യ നിര്‍മ്മിത കൂട്ടക്കുരുതിയാണ് ഗോരക്പൂരിലെ ശിശുമരണങ്ങളെന്ന ഗുരുതര ആരോപണവുമായി സസ്പെന്‍ഡ് ചെയ്യപ്പെട്ട ശിശുരോഗ വിദഗ്ധന്‍ കഫീല്‍ ഖാന്‍. യോഗി സര്‍ക്കാര്‍ തന്നെ ബലിമൃഗമായാണ് കണ്ടതെന്നും കഫീല്‍ ഖാന്‍ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം ക്ലീന്‍ ചിറ്റ് തനിക്കും കുടുംബത്തിനും ആശ്വാസമുണ്ട്. കുടുംബം ഈ വിഷയത്തില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ഇനി അതിനെല്ലാം അന്ത്യമാവുമെന്ന് പ്രതീക്ഷിക്കാമെന്ന് കഫീല്‍ ഖാന്‍ വ്യക്തമാക്കി. 

ഗോരക്പൂരില്‍ സംഭവിച്ചത് മനുഷ്യ നിര്‍മ്മിത ദുരന്തം

ഗൊരക്പൂരിലെ ശിശുമരണത്തിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറുപടി പറയണമെന്നും കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ഗുരുതരാവസ്ഥയിലായപ്പോള്‍ സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുവന്ന ഡോക്ടറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചിരുന്നു. നീയല്ലേ സിലിണ്ടര്‍ കൊണ്ടുവന്നത്. നിന്നെ കണ്ടോളാം എന്നായിരുന്നു യോഗി ആദിത്യനാഥ് സംസാരിച്ചത്. ആ വാക്കുകളാണ് തന്‍റെ ജീവിതം കീഴ്മേല്‍ മറിച്ചതെന്നും ഡോ. കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഡോ. കഫീൽ ഖാൻ നിരപരാധിയാണെങ്കിൽ, ആ അറുപതു കുഞ്ഞുങ്ങളെ കൊന്നവർ ശിക്ഷിക്കപ്പെടേണ്ടേ..?

അന്നുമുതല്‍ തന്നെ ഒരു ബലിമൃഗമായാണ് യോഗി സര്‍ക്കാര്‍ കണക്കാക്കിയത്. യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് തന്നെ ബലിമൃഗമാക്കിയതെന്നും ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. സിലിണ്ടറുകള്‍ നല്‍കിയതിനുള്ള പണം ആവശ്യപ്പെട്ട്  14 കത്തുകള്‍ നല്‍കിയിട്ടും മറുപടി നല്‍കാതിരുന്നവരാണ് സംഭവത്തിലെ യഥാര്‍ത്ഥ പ്രതിയെന്നും കഫീല്‍ ഖാന്‍ ആരോപിച്ചു. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഓക്സിജന്‍ സിലിണ്ടര്‍ നല്‍കുന്ന കമ്പനിക്കാര്‍ നിരന്തരം കത്തുകള്‍ എഴുതിയിരുന്നു. എന്നാല്‍ ആ കത്തുകള്‍ക്കൊന്നും മറുപടി ലഭിച്ചില്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. കമ്മീഷന്‍ ലഭിക്കാന്‍ വേണ്ടിയാണ്  ഉത്തരവാദപ്പെട്ടവര്‍ പണം നല്‍കാതിരുന്നതെന്ന് കഫീല്‍ ഖാന്‍ ആരോപിക്കുന്നു. 

ഗൊരക്പൂരില്‍ 2017ല്‍ സംഭവിച്ചത് ഇതാണ്

‌ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017 ഓഗസ്റ്റ് 10നാണ് 70 കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ഓക്സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാൻ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ച് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. പിന്നാലെ എഇഎസ് വാർഡിന്റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ സർക്കാർ സസ്പെൻഡ് ചെയ്തു. തുടർന്ന് കേസില്‍ മൂന്നാം പ്രതി ചേർത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25ന് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. 

ഗൊരക്പൂര്‍ ദുരന്തം; യോഗി സര്‍ക്കാര്‍ ജയിലലടച്ച ഡോ. കഫീല്‍ ഖാന് ജാമ്യം

ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് നിഷേധിച്ചിരിന്നു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു സർക്കാരിന്‍റെ വാദം.

ഗൊരഖ്‍പൂരിലെ ശിശുമരണം: ഡോ. കഫീൽ ഖാന് ആശ്വാസം, കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്

യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ്. ഔദ്യോഗിക കണക്കനുസരിച്ചു ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ‌2017 ഓഗസ്റ്റിൽ 290 കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. ഇതിൽ 213 കുട്ടികളും നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.