എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസെൻ ഹുവാങ് തിരിച്ചെത്തുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് ട്രംപ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ജെൻസെൻ ഹുവാങ് വിവാഹേതരബന്ധം പുലർത്തിയിരുന്ന ആലീസ് ഹുവാങ് ചൈനീസ് ചാരവനിതയാണെന്ന ആരോപണങ്ങളും ട്രംപ് തള്ളി.

വാഷിങ്ടൺ: എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസെൻ ഹുവാങ് തിരിച്ചെത്തുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് ട്രംപ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ജെൻസെൻ ഹുവാങ് വിവാഹേതരബന്ധം പുലർത്തിയിരുന്ന ആലീസ് ഹുവാങ് ചൈനീസ് ചാരവനിതയാണെന്ന ആരോപണങ്ങളും ട്രംപ് തള്ളി. ആലീസ് ഹുവാങ് ചാരവൃത്തി നടത്തിയതായി താൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തിങ്കളാഴ്ച ഏഷ്യൻ രാജ്യങ്ങളിലെ പര്യടനത്തിന് പുറപ്പെടുംമുൻപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് എൻവിഡിയ വിവാദത്തിൽ പ്രതികരിച്ചത്.

ആലീസ് ഹുവാങ് ഒരു ചൈനീസ് ചാരവനിതയാണെന്ന് തനിക്കറിയില്ല. ഇക്കാര്യം താൻ പറഞ്ഞിട്ടുണ്ട്. ആലീസ് ഹുവാങ്ങിനെ ചാരവനിതയെന്ന് വിശേഷിപ്പിക്കാൻ തക്കതായ കാരണങ്ങളുണ്ടെന്നും താൻ വിശ്വസിക്കുന്നില്ല. ചൈനീസ് വനിതകളെ അവരുടെ രൂപഭാവം മാത്രം മുൻനിർത്തി ചാരവനിതകളായി മുദ്രകുത്താറുണ്ടെന്നും ട്രംപ് പറഞ്ഞു. 'ചൈനയിൽനിന്ന് രാജ്യത്തേക്ക് വരുന്ന സുന്ദരിയായ ഏതൊരു സ്ത്രീയെയും അവർ ചാരവനിതയാണെന്ന് പറയും. സാധാരണ സംഭവിക്കുന്നത് അതാണ്. പക്ഷേ, അവൾ ഒരു ചാരവനിതയാണോ എന്ന് എനിക്കറിയില്ല'- ട്രംപ് വ്യക്തമാക്കി.

ജെൻസെൻ ഹുവാങ് എൻവിഡിയ മേധാവിയായി തിരിച്ചെത്തുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അതിൽ യാതൊരു വിരോധവും ഇല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഈ വിവാദങ്ങളിൽനിന്ന് ഹുവാങ് ഒരു പാഠം പഠിച്ചെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

സിങ്കപ്പൂർ ആസ്ഥാനമായുള്ള മെ​ഗാ സ്പീഡ് ഇന്റർനാഷണൽ കമ്പനിയുടെ മുൻ എക്സിക്യൂട്ടിവായ ആലീസ് ഹുവാങ്ങുമായുള്ള വിവാഹേതരബന്ധമാണ് ജെൻസെൻ ഹുവാങ്ങിന്റെ രാജിയിലേക്ക് നയിച്ചത്. ആലീസ് ഹുവാങ് ചൈനീസ് ചാരവനിതയാണെന്നും എൻവിഡിയ മേധാവിയെ ലക്ഷ്യമിട്ടുള്ള ചൈനീസ് ഓപ്പറേഷന്റെ ഭാ​ഗമായാണ് അവർ ജെൻസെൻ ഹുവാങ്ങുമായി ബന്ധം സ്ഥാപിച്ചതെന്നുമാണ് യുഎസ് ര​ഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥരുടെ ആരോപണം. അതേസമയം, ഈ റിപ്പോർട്ടുകൾക്ക് പിന്നാലെ ആലീസ് ഹുവാങ്ങുമായി വിവാഹേതരബന്ധം പുലർത്തിയിരുന്നതായി ജെൻസെൻ ഹുവാങ് സമ്മതിച്ചിരുന്നു. കുടുംബജീവിതത്തിൽ വിശ്വാസ്യത പുലർത്താനായില്ലെന്ന് തുറന്ന് സമ്മതിച്ച അദ്ദേഹം, എൻവിഡിയയുടെ സിഇഒ പദവിയും രാജിവെച്ചു. അതേസമയം, ജെൻസെൻ ഹുവാങ്ങിനെ എൻവിഡിയയുടെ സിഇഒയായി തിരികെകൊണ്ടുവരണമെന്ന ആവശ്യത്തിന് ടെക് ലോകത്ത് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഹുവാങ്ങിനെ സിഇഒയായി തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ ഹർജിയിൽ ഇതുവരെ 1.60 ലക്ഷം പേരാണ് ഒപ്പിട്ടത്. ടെസ്ല സിഇഒ ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖരും ഹുവാങ്ങിനെ സിഇഒ സ്ഥാനത്തേക്ക് തിരികെകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.