മധ്യപ്രദേശിലെ സിയോണിയിൽ ഒരു വീടിനുള്ളിലെ ഡ്രെസ്സിംഗ് ടേബിളിന് പിന്നിൽ നിന്ന് ഒരു മൂർഖനെ പിടികൂടി. ഈ സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
ഭോപ്പാൽ: മധ്യപ്രദേശിലെ സിയോണിയിൽ ഒരു വീട്ടിലെ ഡ്രെസ്സിംഗ് ടേബിളിന് പിന്നിൽ മൂർഖനെ കണ്ടെത്തിയത് താമസക്കാർക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടായി. ഈ സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിയോണിയിലെ ബിൻഝവാഡ റോഡിലുള്ള ഒരു വീട്ടിലാണ് സംഭവം നടന്നത്. ഡ്രസ്സിങ് ടേബിളിന് പിന്നിൽ പാമ്പിനെപ്പോലെ എന്തോ ഇഴയുന്നത് കണ്ട വീട്ടുകാർ ആദ്യം അമ്പരന്നു.
എന്തുചെയ്യണമെന്നറിയാതെ ഭയന്ന അവർ ഉടൻതന്നെ സഹായത്തിനായി വിളിച്ചു. പാമ്പുപിടുത്തക്കാരനായ പ്രവീൺ തിവാരി വീട്ടിലെത്തി ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒളിഞ്ഞിരുന്ന സ്ഥലത്തുനിന്ന് പാമ്പിനെ ശ്രദ്ധയോടെ പുറത്തെടുക്കാൻ പ്രവീൺ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. നിമിഷങ്ങൾക്കകം, ഏകദേശം നാല് അടി നീളമുള്ള മൂർഖൻ പുറത്തു വന്നു. ശ്രദ്ധയോടെ പാമ്പിനെ പിടിച്ച ശേഷം പ്രവീൺ അതിനെ സമീപത്തെ കാട്ടിൽ സുരക്ഷിതമായി തുറന്നുവിട്ടു.
അതേസമയം, കൊല്ലം നിലമേലിൽ 100 കിലോയിലധികം ഭാരമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. 14 അടി നീളമുണ്ടായിരുന്ന പെരുമ്പാമ്പിനെ പരുത്തിപ്പള്ളി ആർആർടി അംഗം റോഷ്‌നിയാണ് സാഹസികമായി പിടികൂടിയത്. നിലമേൽ സ്വദേശിയായ മണിയന്റെ പറമ്പിലാണ് നാട്ടുകാർ ആദ്യം പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. നൂറ് കിലോയിലധികം ഭാരവും വലിപ്പവുമുള്ളതിനാൽ പാമ്പിനെ റെസ്‌ക്യു ബാഗിലേക്ക് മാറ്റുന്നത് ശ്രമകരമായിരുന്നു. ഒടുവിൽ, രണ്ടുപേർ ചേർന്നാണ് പാമ്പിനെ ഏറെ പ്രയാസപ്പെട്ട് പിടികൂടി വാഹനത്തിൽ കയറ്റിയത്. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് വനംവകുപ്പ് കൊണ്ടുപോയി.


