Asianet News MalayalamAsianet News Malayalam

​ഗുജറാത്ത് തെരഞ്ഞെടുപ്പിന് രണ്ട് മാസം; കളംനിറഞ്ഞ് ബിജെപിയും ആംആദ്മിയും, ചിത്രത്തിലില്ലാതെ കോൺ​ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപിയുടെ പ്രധാന നേതാക്കളും എഎപിയുടെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയുമടക്കമുള്ള നേതാക്കൾ പ്രചാരണത്തിന് ചുക്കാൻ പിടിക്കുമ്പോൾ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമാണ് കോൺ​ഗ്രസിന്റെ പ്രധാന പരി​ഗണനാ വിഷയങ്ങൾ.  

Gujarat congress face challenge in upcoming election
Author
First Published Oct 8, 2022, 3:58 PM IST

ദില്ലി: ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുമാസം മാത്രം ബാക്കി. ഭരണകക്ഷിയായ ബിജെപിയും ആംആദ്മി പാർട്ടിയും ഭരണം പിടിക്കാൻ സർവസന്നാഹങ്ങളുമായി പ്രചാരണം തുടങ്ങിയെങ്കിലും പ്രധാന പ്രതിപക്ഷമായ കോൺ​ഗ്രസ് പ്രചാരണത്തിൽ ഏറെ പിന്നിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപിയുടെ പ്രധാന നേതാക്കളും എഎപിയുടെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയുമടക്കമുള്ള നേതാക്കൾ പ്രചാരണത്തിന് ചുക്കാൻ പിടിക്കുമ്പോൾ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമാണ് കോൺ​ഗ്രസിന്റെ പ്രധാന പരി​ഗണനാ വിഷയങ്ങൾ.  

തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന് ഹൈക്കമാൻഡിനും ദിശാബോധമില്ല. അവസാനമായി സെപ്റ്റംബർ അഞ്ചിനാണ് രാ​ഹുൽ ​ഗാന്ധി അഹമ്മദാബാദിൽ റാലിയിൽ സംസാരിച്ചത്. റാലിയിൽ സൗജന്യ വൈദ്യുതി, കാർഷിക കടം എഴുതിത്തള്ളൽ തുടങ്ങിയ വാ​ഗ്ദാനങ്ങളാണ് അ​ദ്ദേഹം മുന്നോട്ടുവെച്ചത്. പിന്നീട് പ്രധാന നേതാക്കളൊന്നും ​ഗുജറാത്തിൽ എത്തിയിട്ടില്ല. ജോഡോ യാത്രയിലായതുകാരണം ​ഗുജറാത്തിൽ രാഹുൽ എത്താൻ സാധ്യതയില്ല. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിൽ പങ്കെടുത്തിട്ടില്ല. സംസ്ഥാന നേതാക്കളെയാണ് പ്രചാരണത്തിനായി ഹൈക്കമാൻഡ് നിയോ​ഗിച്ചത്.

നവരാത്രി ആഘോഷ സമയത്ത് അഹമ്മദാബാദിൽ പ്രിയങ്കാ ഗാന്ധി എത്തുമെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ പ്രതീക്ഷ. എന്നാൽ, പ്രിയങ്കാ  ​ഗാന്ധി എത്തിയില്ല.  പ്രിയങ്കാ ​ഗാന്ധി വന്നാൽ പ്രചാരണത്തിൽ മറ്റുപാർട്ടികൾക്കൊപ്പമെത്താനും പ്രവർത്തകരെ ആവേശത്തിലാക്കാനും സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ നിരീക്ഷകനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ടിനെയാണ് നിയോ​ഗിച്ചിരുന്നത്. എന്നാൽ, അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അപ്രതീക്ഷിത രാഷ്ട്രീയ സംഭവ വികാസങ്ങൾ കാരണം ​ഗെലോട്ട് രാജസ്ഥാനിൽ തന്നെയാണ് തുടരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാൻ അദ്ദേഹം ​ഗുജറാത്തിൽ എത്തിയിട്ടില്ല. രാജസ്ഥാനിലെ പ്രശ്നങ്ങൾക്ക് മുമ്പ് ​ഗെലോട്ട് ​ഗുജറാത്തിലെത്തിയിരുന്നു. \

ബിജെപിയെയും എഎപിയെയും അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ഹൈക്കമാൻഡ് അർഹമായ പ്രാധാന്യം നൽകിയിട്ടില്ലെന്ന് ഗുജറാത്തിലെ പല കോൺഗ്രസ് അഭിപ്രായമുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം മാർച്ച് മുതൽ മോദി 12 തവണ സംസ്ഥാനം സന്ദർശിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഇതിനിടെ നിരവധി വൻ  പദ്ധതികളും മോദി പ്രഖ്യാപിച്ചു. കെജ്‌രിവാൾ നിരവധി തവണ സംസ്ഥാനത്ത് എത്തി. മോദിയും കെജ്രിവാളും ആഴ്ചയിലൊരിക്കൽ എന്ന രീതിയിൽ ഗുജറാത്ത് സന്ദർശിക്കുന്നുണ്ട്. കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള കൂറുമാറ്റവും പാർട്ടിയെ വലയ്ക്കുന്നു.

ഈയടുത്താണ് മുതിർന്ന നിയമസഭാംഗമായ ഹർഷാദ് റിബാദിയ ബിജെപിയിൽ ചേർന്നത്. ജൂലൈയിൽ, ഒരു പ്രമുഖ ആദിവാസി നേതാവും മൂന്ന് തവണ നിയമസഭാംഗവുമായ അശ്വിൻ കോട്വാൾ രാജിവച്ച് ഭരണകക്ഷിയിൽ ചേർന്നിരുന്നു. നേരത്തെ പ്രധാന നേതാവും പട്ടേൽ വിഭാ​ഗത്തിലെ പ്രമുഖനുമായ ഹാർദിക് പട്ടേലും ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. മുൻ രാജ്യസഭാംഗം രാജു പർമറും മുൻ പ്രതിപക്ഷ നേതാവ് നരേഷ് റാവലും ബിജെപിയിൽ ചേർന്നു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 78 സീറ്റ് നേടിയ കോൺ​ഗ്രസിന് നിലവിൽ 61 പേരുടെ അം​ഗബലമേ സഭയിൽ ഉള്ളൂ. 17 എംഎൽഎമാരാണ് മറ്റുപാർട്ടികളിലേക്ക് ചേക്കേറിയത്. അടുത്ത ദിവസങ്ങളിൽ അഞ്ചോ ആറോ നിയമസഭാംഗങ്ങൾ കൂടി ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും അഭ്യൂഹമുയർന്നിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios