അഹമ്മദാബാദ്: ഒബിസി നേതാവ് അൽപേഷ് താക്കൂറിനെതിരെ കോൺഗ്രസ് പാർട്ടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അൽപേഷ് താക്കൂറിന്റെ ഗുജറാത്ത് നിയമസഭാംഗത്വം കൂറുമാറ്റ നിരോധന നിയമപ്രകാരം അസാധുവാക്കണമെന്നതാണ് നിർദ്ദേശം.

കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് അൽപേഷ് താക്കൂർ മത്സരിച്ച് ജയിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ മറ്റെല്ലാ സ്ഥാനങ്ങളും രാജിവച്ച അദ്ദേഹം നിയമസഭാംഗത്വം രാജിവച്ചില്ല. പാർട്ടി നേതൃത്വം അൽപേഷ് താക്കൂറിന്റെ അംഗത്വം റദ്ദാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും, നടപടിയുണ്ടായില്ല. രണ്ട് മാസത്തോളം നടപടിക്കായി കാത്ത ശേഷമാണ് ഗുജറാത്ത് പിസിസി ഹൈക്കോടതിയെ സമീപിച്ചിപിരിക്കുന്നത്.

പാർട്ടിയുടെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി അൽപേഷ് താക്കൂറിനും സ്പീക്കർ രാജേന്ദ്ര ത്രിവേദിക്കും നോട്ടീസ് അയച്ചെന്ന് കോൺഗ്രസ് ചീഫ് വിപ്പും ഹൈക്കോടതിയിലെ പരാതിക്കാരനുമായ അശ്വിൻ കോട്‌വാൾ പറഞ്ഞു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പഠാൻ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ അൽപേഷ് താക്കൂർ ആഗ്രഹിച്ചിരുന്നു. മുൻ എംപി ജഗദീഷ് താക്കൂറിനാണ് കോൺഗ്രസ് സീറ്റ് നൽകിയത്. എന്നാൽ സബർകാന്ത് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എംഎൽഎമാരോട് പാർട്ടി അംഗത്വം രാജിവയ്ക്കാൻ താക്കൂർ സേന ആവശ്യപ്പെട്ടെന്നാണ് പിന്നീട് അൽപേഷ് താക്കൂർ വിശദീകരിച്ചത്.

ഈ തീരുമാനം വളരെ വേദനിപ്പിക്കുന്നതാണെന്നും എന്നാൽ തനിക്ക് എല്ലാത്തിനേക്കാളും വലുത് താക്കൂർ സേനയാണെന്നും രാജി തീരുമാനം വിശദീകരിച്ച് അൽപേഷ് താക്കൂർ പറഞ്ഞിരുന്നു. കഴിഞ്ഞ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ അൽപേഷും പട്ടിദാർ പ്രക്ഷോഭ നേതാവ് ഹർദ്ദിക് പാട്ടേലും ജിഗ്നേഷ് മേവാനിയും കോൺഗ്രസിന്റെ പക്ഷത്തായിരുന്നു.