സംശയാസ്പദ സാഹചര്യത്തിൽ ഒരു കാർ കനാലിന് സമീപത്ത് കിടക്കുന്നുവെന്ന വിവരം കിട്ടിയാണ് പൊലീസ് എത്തിയത്. പരിശോധനയിൽ വാഹനം കാണാതായ ടെക്കിയുടേതാണെന്ന് തിരിച്ചറിഞ്ഞു. 

ദില്ലി: ഗുഡ്‌ഗാവിൽ നിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ ടെക്കിക്കായുള്ള അന്വേഷണത്തിനൊടുവിൽ വൻ ട്വിസ്റ്റ്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള മൾട്ടിനാഷണൽ ഐടി കമ്പനിയിലെ മാനേജരായ 42 കാരനെയാണ് ഒരാഴ്ചയായി കാണാതായത്. ജീവനൊടുക്കിയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടന്ന് വരികെ യുവാവിനെ ജീവനോടെ കണ്ടെത്തി. അയോധ്യയിൽ നിന്നുമാണ് ഐടി കമ്പനി മാനേജരെ പൊലീസ് കണ്ടെത്തിയത്. കുടുംബത്തിന്‍റെ പരാതിയിൽ ഒരാഴ്ചയായി ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. 

ഇതിനിടെ തെക്കുപടിഞ്ഞാറൻ ദില്ലിയിലെ കക്രോള പ്രദേശത്തെ ഒരു അഴുക്കുചാലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ടെക്കിയുടെ കാർ കണ്ടെത്തി. സംശയാസ്പദ സാഹചര്യത്തിൽ ഒരു കാർ കനാലിന് സമീപത്ത് കിടക്കുന്നുവെന്ന വിവരം കിട്ടിയാണ് പൊലീസ് എത്തിയത്. പരിശോധനയിൽ വാഹനം കാണാതായ ടെക്കിയുടേതാണെന്ന് തിരിച്ചറിഞ്ഞു. വാഹനത്തിൽ നിന്നും ഇയാളുടെ മൊബൈലും മറ്റ് സാധനങ്ങളും കണ്ടെത്തി. ഇതോടെ കനാൽ ചാടി ഇയാൾ ജീവനൊടുക്കിയതാകുമെന്ന സംശയത്തിലായിരുന്നു പൊലീസ്. പൊലീസും ഫയർഫോഴ്സും കനാലിലും പ്രദേശത്തും തെരച്ചിൽ നടത്തിയെങ്കിലും ടെക്കിയെ കണ്ടെത്താനായിരുന്നില്ല.

അന്വേഷണത്തിനിടെ കാണാതാവുന്നതിന് തൊട്ടുമുമ്പുള്ള ദിവസം യുവാവ് തന്‍റെ ഫോൺ ഫോർമാറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തി. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുപിയിലെ അയോധ്യയിൽ നിന്നും ടെക്കിയെ അന്വേഷണ സംഘം കണ്ടെത്തുന്നത്. ചോദ്യം ചെയ്യലിൽ യുവാവ് താൻ മരിച്ചെന്ന് വരുത്തി തീർത്ത് നാട് വിട്ടതാണെന്ന് മൊഴി നൽകി. വലിയ കടക്കെണിയിലാണെന്നും സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ താൻ മരിച്ചെന്ന് വരുത്തി തീർക്കാനാണ് കാറും ഫോണും കനാലിനടുത്ത് ഉപേക്ഷിച്ച് നാട് വിട്ടതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.