വനിതാ നേഴ്സുമാരോട് അശ്ലീല ചുവയോടെ സംസാരിക്കുന്നു, അധിക്ഷേപകരമായി വാക്കുകൾ ഉപയോഗിക്കുന്നു എന്നായിരുന്നു ഡോ.എ കെ ബിസോയിക്കെതിരായ പരാതി. നടപടി ആവശ്യപ്പെട്ട് എയിംസിലെ നേഴ്സുമാർ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു.
ദില്ലി: ദില്ലി എയിംസിലെ നേഴ്സുമാരുടെ സമരം വിജയിച്ചു. വനിതാ നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന് പരാതി ഉയർന്നതോടെ വകുപ്പ് മേധാവിയെ മാറ്റി. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്‍റെ തലവൻ ഡോ.എ കെ ബിസോയിയെ ആണ് തൽസ്ഥാനത്തുനിന്ന് മാറ്റിയത്. അന്വേഷണ വിധേയമായാണ് നടപടി. ഡോ. ബിസോയിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.
വനിതാ നേഴ്സുമാരോട് അശ്ലീല ചുവയോടെ സംസാരിക്കുന്നു, അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നു എന്നായിരുന്നു ഡോ.എ കെ ബിസോയിക്കെതിരായ പരാതി. നടപടി ആവശ്യപ്പെട്ട് എയിംസിലെ നഴ്സുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതിയിരുന്നു. ഡോക്ടറെ സസ്പെൻഡ് ചെയ്ത് സ്വതന്ത്ര അന്വേഷണം നടത്തണം എന്നായിരുന്നു ആവശ്യം.
വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് എയിംസ് നഴ്സ് യൂണിയൻ അറിയിച്ചതോടെ അധികൃതർ ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം പൂർത്തിയാകുന്നതുവരെ വകുപ്പ് മേധാവിയെ മാറ്റിനിർത്താൻ തീരുമാനമായി. മറ്റൊരു ഡോക്ടർക്ക് താൽക്കാലികമായി ചുമതല നൽകി.



