Asianet News MalayalamAsianet News Malayalam

കോൺഗ്രസിന്‍റെ കൈ വിട്ട ഹാർദിക് പട്ടേൽ; ഇനി സസ്പെൻസിന്‍റെ നാളുകൾ, ക്ലൈമാക്സിൽ ബിജെപിയോ എഎപിയോ?

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കൈപിടിച്ച് ആനയിച്ച രാഹുൽ ഗാന്ധിയെ അടക്കം അതിരൂക്ഷമായി വിമർശിച്ചാണ് ഹാർദിക് കോൺഗ്രസ് പാളയം വിട്ടത്

hardik patel where to go, bjp or aap
Author
New Delhi, First Published May 18, 2022, 4:40 PM IST

ദിവസങ്ങൾ നീണ്ട പരാതി പറച്ചിലിന് ശേഷം ഹാർദിക് പട്ടേൽ ഒടുവിൽ കോൺഗ്രസ് വിട്ടു. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയ ബാന്ധവം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ തീർന്നു. ഇനി എന്ത് എന്ന് പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയിലേക്കുള്ള കൂടുമാറ്റം ഒരാഴ്ചക്കം നോട്ടീസടിക്കുമെന്നാണ് വിവരം. അതേസമയം ദില്ലിക്കും പഞ്ചാബിനും പുറത്തേക്ക് കണ്ണുനട്ടിരിക്കുന്ന എ എ പി ഹർദ്ദിക്കിനെ ഗുജറാത്ത് നായകനാക്കുമോ എന്നും അറിയില്ല. ആ സസ്പെൻസിന്‍റെ ക്ലൈമാക്സിന് എന്തായാലും ഒരിത്തിരി കാത്തിരിക്കേണ്ടി വരും.

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കൈപിടിച്ച് ആനയിച്ച രാഹുൽ ഗാന്ധിയെ അടക്കം അതിരൂക്ഷമായി വിമർശിച്ചാണ് രാജിക്കത്ത്. ഗുജറാത്തിനോട് കേന്ദ്രനേതൃത്വത്തിന് തീരെ താത്പര്യമില്ല, നാടിന് ആവശ്യമുണ്ടായിരുന്ന സമയത്ത് വിദേശത്ത് പോയ ആളാണ് നേതാവ്. രാജ്യതാത്പര്യത്തിനെതിരാണ് പാർട്ടിയുടെ പൊതുപ്രവർത്തനം, കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ മിക്കവാറും നേതാക്കൾ ഫോണും കുത്തിയിരിക്കുകയാണ്, അതു കഴിഞ്ഞാൽ പിന്നെ ശ്രദ്ധ ചിക്കൻ സാൻഡ്‍വിച്ച് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കലാണ്, അവതരിപ്പിക്കാൻ എന്തെങ്കിലും മാർഗരേഖയോ റോഡ് മാപ്പോ ഒന്നുമില്ല, പിന്നെ എങ്ങനെ തോൽക്കാതിരിക്കും....ഇങ്ങനെ പോകുന്നു ഹാർദിക്കിന്‍റെ വിമർശനങ്ങൾ. ഭരണഘടനയുടെ 370ആം വകുപ്പ്, അയോധ്യയിലെ രാമക്ഷേത്രം, ജിഎസ്ടി തുടങ്ങി രാജ്യവും ജനങ്ങളും ഒരു പരിഹാരത്തിന് കാത്തിരുന്ന വിഷയങ്ങളിലെല്ലാം വഴിമുടക്കുന്ന സമീപനമാണ് കോൺഗ്രസസ് സ്വീകരിച്ചതെന്ന് ഹാർദിക് കുറ്റപ്പെടുത്തുന്നു. ഗുജറാത്തികളെ ഒരു വിലയും ഇല്ലാത്ത കരുതൽ ഇല്ലാത്ത ഒരു പാർട്ടിയുമായി എന്തിനാണ് സഹകരിക്കുന്നതെന്നാണ് ചെറുപ്പക്കാർ എപ്പോൾ കണ്ടാലും ചോദിക്കാറുണ്ടായിരുന്നതെന്നും ഹാർദിക് പറയുന്നു.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

കുറച്ചുദിവസമായി ഹാർദിക് പരാതിപ്പെട്ടി തുറന്നതുവെച്ചിട്ട്. വർക്കിങ് പ്രസിഡന്‍റ് എന്ന് പറഞ്ഞതല്ലാതെ ചുമതലകളൊന്നും നൽകിയില്ല.  75 ജനറൽ സെക്രട്ടറിമാരെ നിയമിച്ചപ്പോൾ ഒന്ന് കൂടിയാലോചിക്കുക കൂടി ചെയ്തില്ല, നാടിന്‍റെയും നാട്ടാരുടേയും പൾസ് അറിയുന്ന എന്നെ കൂടി ഒരു വാർത്താസമ്മേളനം പോലും മര്യാദക്ക് നടത്തിയില്ല എന്നൊക്കെ ഹാർദിക് പരാതി പറയാൻ തുടങ്ങിയിട്ട് കുറച്ചായി. വന്ധ്യംകരിക്കപ്പെട്ട നവവരന്‍റെ അവസ്ഥ എന്നാണ് ഹാർദിക് സ്വയം വിലയിരുത്തിയത്. ആ സമയത്ത് തന്നെ ഹാർദിന്‍റെ കാറ്റുവീഴ്ച എങ്ങോട്ടാണെന്ന് രാഷ്ട്രീയനിരീക്ഷകർക്ക് മനസ്സിലായിരുന്നു. പരിഭവം തുടരുന്നതിനിടെ ദഹൂദിലെ ആദിവാസി മേഖലയിൽ നടന്ന റാലിയിൽ രാഹുലിനൊപ്പം പങ്കെടുത്തപ്പോൾ ഒരു ചെറിയ സംശയംവന്നു. ഇനിയിപ്പോൾ എല്ലാം ശരിയായോ എന്ന്. ഇല്ലെന്നും ഹാർദിക്കിന്‍റേത് വെറും സൗന്ദര്യപ്പിണക്കമോ പരിഭവമോ അല്ലെന്നും വ്യക്തമായി.  

ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ശശികാന്ത് ഗോഹിൽ ഹാർദിക്കിന് മറുപടി പറഞ്ഞത് ചില പഴയ ഡയലോഗുകൾ ഓർമിപ്പിച്ചാണ്. സംവരണപ്രക്ഷോഭസമയത്ത് അമിത് ഷായെ ജനറൽ ഡയറിനോട് തുലനം ചെയ്ത വർത്തമാനമാണ് അതിലൊന്ന്. ചർക്കക്ക് മുന്നിലിരുന്നാൽ ഒരാൾ ഗാന്ധിയാവില്ലെന്ന് മോദിക്ക് നേരെ എറിഞ്ഞ ഒളിയന്പാണ് മറ്റൊന്ന്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്പ് , 2017ൽ ഹാർദിക്കിനെ അപമാനിക്കാനുണ്ടാക്കിയ സിഡി വിവാദത്തിലെ ബിജെപി പങ്കും മറക്കണ്ട എന്ന് ഗോഹിൽ ഹാർദിക്കിനെ ഓർമപ്പെടുത്തുന്നു.

മോദിക്ക് പ്രശംസ, കൂടുതൽ സാധ്യത മുന്നിലുണ്ടെന്ന് പ്രസ്താവന; ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

പട്ടേൽ വിഭാഗങ്ങൾക്കിടയിൽ സർവസമ്മതനൊന്നുമല്ല ഹാർദിക്. സമുദായത്തിന്റെ പേരും പറഞ്ഞ് സ്വന്തം ആർഭാടജീവിതത്തിനായി സമുദായഫണ്ട് ദുരുപയോഗം ചെയ്യാറുണ്ടെന്ന് പണ്ട് പറഞ്ഞത് അടുത്ത ചങ്ങാതിമാരാണ്. ചിരാഗ് പട്ടേലും കേതൻ പട്ടേലും. സംവരണത്തിന്റെ പേരിൽ വിലപേശിത്തന്നെയാണ് ഹാർദിക് കോൺഗ്രസിലെത്തിയത്. അന്ന് ഹാർദിക് ഉൾപെടുന്ന കട്വ പട്ടേൽ വിഭാഗത്തിന്‍റെ സംഘടനയായ വിശ്വ ഉമിയ ഫൗണ്ടേഷൻ അടക്കം ആറു സംഘടനകൾ ഹാർദിക്കിന് എതിരെ പ്രസ്താവനയിറക്കിയിരുന്നു. സമുദായത്തെ വഴിതെറ്റിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. കേസുകളും വിവാദങ്ങളുമൊക്കെ ഹാർദിക്കിന്‍റെ ജീവിതത്തിൽ ആവശ്യത്തിനുണ്ട്.

'നേതൃത്വം അവഗണിക്കുന്നു ,ഒരു കാര്യവും ആലോചിക്കുന്നില്ല', പൊട്ടിത്തെറിച്ച് ഹാർദിക് പട്ടേൽ

സംവരണപ്രക്ഷോഭത്തിന്‍റെ നാളുകൾ സമ്മാനിച്ച ഹീറോ പരിവേഷത്തിന് തിളക്കം കുറഞ്ഞിട്ടുണ്ട്. നിലപാടുകളിലെ നിലപാടില്ലായ്മ ക്ഷീണമാണ്. അപ്പോഴും ഗുജറാത്തിലെ കോൺഗ്രസിനെ ഒന്നു കൂടി ക്ഷീണിപ്പിക്കാൻ പര്യാപ്തമാണ് ഹാർദിക്കിന്‍റെ പോക്ക്. ബിജെപിക്ക് സന്തോഷിക്കാനും. രാഷ്ട്രീയത്തിലെ ഉള്ളുകള്ളികളും തന്ത്രങ്ങളും സമവാക്യങ്ങളും സമ്മർദഫോർമുലകളും എല്ലാം നന്നായി അറിയാവുന്ന നരേന്ദ്രമോദിക്കും അമിത് ഷാക്കും അവരുടെ പ്രിയപ്പെട്ട സംസ്ഥാനത്ത് പുതിയ ശക്തി നൽകുന്നതാണ് ആ സന്തോഷം.

Follow Us:
Download App:
  • android
  • ios