2010 ൽ താൻ തറക്കല്ലിട്ട ഫാക്ടറിക്കാണ് മോദി വീണ്ടും തറക്കല്ലിട്ടതെന്ന് രാഹുൽ. മോദി ഇന്നലെ അമേഠിയിലെത്തി നുണ പറയുക എന്‍റെ സ്വഭാവം ആവർത്തിച്ചുവെന്നും രാഹുൽ ഗാന്ധി.
ദില്ലി: അമേഠി ആയുധ ഫാക്ടറിയെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. അമേഠിയിലെ സൈനിക തോക്ക് ഫാക്ടറിക്ക് 2010 ൽ താൻ തറക്കല്ലിട്ടതാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ചെറു തോക്കുകളുടെ ഉൽപാദനം അവിടെ നടക്കുന്നുണ്ട്. മോദി ഇന്നലെ അവിടെയെത്തി നുണ പറയുക എന്ന സ്വഭാവം ആവർത്തിച്ചു. താങ്കൾക്ക് തീരെ നാണമില്ലാതായോ? - രാഹുൽ ചോദിക്കുന്നു.
ഞായറാഴ്ചയാണ് രാഹുലിന്‍റെ മണ്ഡലമായ അമേഠിയില്‍ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. റഷ്യ– ഇന്ത്യ സംയുക്ത സംരംഭമായി എ കെ –203 റൈഫിളുകളുടെ നിർമാണ യൂണിറ്റിനാണ് മോദി തറക്കല്ലിട്ടത്. ജയിച്ച രാഹുൽ ഗാന്ധിയേക്കാൾ അമേഠിക്കായി പ്രവർത്തിച്ചത് തോറ്റ സ്മൃതി ഇറാനിയാണെന്നും മോദി അവകാശപ്പെട്ടു. അമേഠിയിൽ നിന്ന് ലോകസഭയിലേക്കെത്തിയ ആളെക്കാൾ കൂടുതൽ മികച്ച പ്രവർത്തനം സ്മൃതി ഇറാനി കാഴ്ചവച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. രാഹുലിനോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ സ്മൃതി ഇറാനി അമേതിക്കായി ചെയ്ത സേവനങ്ങളെ മോദി പ്രത്യേകം എടുത്തു പറഞ്ഞു.
Also Read: അമേഠിയിൽ രാഹുലിനേക്കാൾ പ്രവർത്തിച്ചത് സ്മൃതി ഇറാനി; പരിഹാസവുമായി മോദി
