Asianet News MalayalamAsianet News Malayalam

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക്, വാദം തുടരും

സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമർശിച്ചിരുന്നു.

hearing in the Supreme Court will continue today on the petition against banning hijab in educational institutions in Karnataka
Author
First Published Sep 12, 2022, 6:02 AM IST

ദില്ലി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം തുടരും. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമർശിച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്‍റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും കൈക്കൊണ്ട നിലപാടുകൾക്കെതിരാണ് കർണ്ണാടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് ചൂണ്ടിക്കാട്ടിയിരുന്നു. യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസനസമിതിയിൽ എംഎല്‍എമാരെ ഉൾപ്പെടുത്തിയ
സർക്കാർ ഉത്തരവിനെയും ഹർജിക്കാർ എതിർത്തിരുന്നു. 

ഗ്യാൻവാപി മസ്ജിദിന്‍റെ അവകാശവുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതി വിധി ഇന്ന്.

ഗ്യാൻവാപി മസ്‍ജിദിന്‍റെ അവകാശവുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതി വിധി ഇന്ന്. വാരണാസി ജില്ലാ കോടതിയാണ് വിധി പറയുക. ഗ്യാൻവാപി മസ്‍ജിദ് ഇരിക്കുന്ന സ്ഥലത്തിന്‍റെ അവകാശം അമ്പലത്തിലാണെന്ന നിലപാടിനെതിരെ മസ്ജിദ് കമ്മിറ്റിയാണ് ഹർജി നൽകിയിരിക്കുന്നത്. വാദം നേരത്തെ പൂർത്തിയായിരുന്നെങ്കിലും കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അതീവ സുരക്ഷയിലാണ് ഗ്യാൻവാപി കേസിൽ വിധിപറയുന്നത്. കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളും പൊലീസ് നിരീക്ഷണത്തിൽ ആയിരിക്കും.

പൗരത്വ നിയമ ഭേദഗതി ബില്ലിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കും

പൗരത്വ നിയമ ഭേദഗതി ബില്ലിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. 200ലേറെ പൊതുതാൽപര്യ ഹർജികൾ കോടതിക്ക് മുന്നിലുണ്ട്. നിയമം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും, മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് കാരണമാകുമെന്നും കാണിച്ച് മുസ്ലീം ലീഗും, കോൺഗ്രസ് നേതാവ് ജയ്റാം രമേശും ഉൾപ്പടെയുള്ളവരാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. 2020 ജനുവരിയിൽ കേസ് പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിൽ നിന്ന് മറുപടി തേടിയിരുന്നു. അന്ന്
സമർപ്പിച്ച 129 പേജുള്ള സത്യവാങ്മൂലത്തിൽ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് പറഞ്ഞിട്ടുള്ളത്. പാർലമെന്‍റില്‍ പാസാക്കിയ നിയമം കോടതിയുടെ പരിധിയിൽ വരുന്ന വിഷയമല്ല എന്നും കേന്ദ്രസർക്കാർ നിലപാട് എടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios