റാഞ്ചി: ആശംസകളുമായി എത്തുന്നവർ പൂച്ചെണ്ടുകൾക്ക് പകരം അറിവ് നിറഞ്ഞ പുസ്തകങ്ങൾ നൽകണമെന്ന് അഭ്യർത്ഥിച്ച് നിയുക്ത ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പേരുകൾ എഴുതിയ പുസ്തകങ്ങൾ നൽകിയാൽ അത് സൂക്ഷിച്ചുവെക്കുമ്പോൾ നിങ്ങളുടെ സ്നേഹം എക്കാലവും ഓർമ്മിക്കപ്പെടുമെന്നും അത് എല്ലാവരേയും പ്രബുദ്ധരാക്കുമെന്നും ഹേമന്ത് സോറന്‍ ട്വീറ്റ് ചെയ്തു. ഒരു കൂട്ടം പൂച്ചെണ്ടുകളുടെ ചിത്രവും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. 12 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുക. ഝാർഖണ്ഡ്‌ മുക്തി മോർച്ച (ജെഎംഎം) യിൽ നിന്ന് മുഖ്യമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിമാരുണ്ട‌ാകും.

Read Also: ഝാര്‍ഖണ്ഡ്: ഹേമന്ത് സോറന്‍ സർക്കാർ ഞായറാഴ്ച അധികാരമേല്‍ക്കും

ജെഎംഎമ്മിന് മുപ്പതും കോണ്‍ഗ്രസ്സിന് പതിനാറും ഉള്‍പ്പടെ 47 സീറ്റുകളാണ് മഹാസഖ്യത്തിന് കിട്ടിയത്. ആർജെഡിക്ക് ഒരു സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തെര‍ഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നേടിയ ബിജെപിക്ക് 25 സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടാനായത്. മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാർട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോൽവി ഏറ്റുവാങ്ങിയത് ബിജെപിക്ക് ഇരട്ടിപ്രഹരമായി.