ഗുജറാത്തിൽ ആട്ടിൻകൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം. നിരവധി മിണ്ടാപ്രാണികൾക്ക് ജീവൻ നഷ്ടമായി. കച്ച് ദേശീയപാതയിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

മോർബി: ഗുജറാത്തിലെ മോർബിയിൽ ആട്ടിൻകൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം. ചെമ്മരിയാടുകളും ആടുകളും അടക്കം 25 ഓളം മിണ്ടാപ്രാണികൾക്ക് ജീവൻ നഷ്ടമായി. കച്ച് ദേശീയപാതയിലാണ് ഹൃദയഭേദകമായ അപകടം ഉണ്ടായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആട്ടിൻകൂട്ടം റോഡ് മുറിച്ചുകടക്കുന്നതും അശ്രദ്ധമായി ഓടിച്ച ട്രക്ക് പാഞ്ഞുകയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ചെമ്മരിയാടുകളും ആടുകളും ഉൾപ്പെടുന്ന കൂട്ടവുമായി ആട്ടിടയന്മാർ കച്ച് ഭാഗത്തേക്ക് പോകുന്നതിനിടെ ആണ് അപകടം ഉണ്ടായത്. മൃഗങ്ങൾ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിൽ 23 ചെമ്മരിയാടിനും രണ്ട് ആടിനും തൽക്ഷണം ജീവൻ നഷ്ടമായി. 25 മൃഗങ്ങൾക്ക് പരിക്കേറ്റു.

Scroll to load tweet…

ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം ഉണ്ടായതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ആട്ടിൻകൂട്ടം റോഡ് മുറിച്ചുകടക്കുന്നതും അവയ്ക്ക് മേൽ ട്രക്ക് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ആദ്യമെത്തിയ ടോറസ് ലോറി ആട്ടിൻകൂട്ടത്തെ കണ്ട് നിർത്തിയെങ്കിലും പിന്നാലെ എത്തിയ ട്രക്ക് ആണ് മൃഗങ്ങൾക്ക് മേൽ കയറിയത്. അപകടത്തെ തുടർന്ന് ആട്ടിടയൻ ട്രക്കിന് പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ആട്ടിടയൻ്റെ പരാതിയിൽ ട്രക്ക് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകടത്തിൽ ആട്ടിടയന് 65,000 രൂപയിലധികം നഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.