യുവാവിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതി നാല് വർഷത്തിന് ശേഷം പരാതി പിൻവലിച്ച് സത്യവാങ്മൂലം നൽകി. തുടർന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് എഫ്ഐആർ റദ്ദാക്കി.
നാഗ്പൂർ: യുവാവിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതി നാല് വർഷത്തിന് ശേഷം പരാതി പിൻവലിച്ച് സത്യവാങ്മൂലം നൽകി. തുടർന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് എഫ്ഐആർ റദ്ദാക്കി. നേരത്തെ നൽകിയ പരാതി ചെറിയൊരു തെറ്റിദ്ധാരണയുടെ പുറത്താണെന്നാണ് ഇരുവരും സംയുക്തമായി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ഞങ്ങൾ ഞങ്ങളുടെ പങ്കാളികളോടടൊപ്പം സന്തോഷത്തോടെ കഴിയുകയാണെന്നും കേസ് തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും പരാതിക്കാരിയായ യുവതിയും യുവാവും കോടതിയെ അറിയിച്ചു. ഒരു കുട്ടിയുണ്ടാകുമ്പോൾ വിദേശത്ത് സ്ഥിരതാമസമാക്കാൻ പരാതിക്കാരിയായ യുവതി ആലോചിക്കുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു.
2019 ഡിസംബറിൽ ഇരുവരും പ്രണയത്തിലായിരുന്ന സമയത്താണ് യുവതി പൊലീസിൽ പരാതി നൽകിയത്.കേസെടുത്തതിന് പിന്നാലെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പരാതിയെ കുറിച്ച് ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നും നടപടികൾ തുടർന്നാൽ അത് തന്റെ ദാമ്പത്യ ജീവിതത്തെ ബാധിക്കുമെന്നും യുവതി കോടതിയെ അറിയിച്ചു. ഈ ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്നും ഇരുവരും വിദ്യാഭ്യാസമുള്ളവരാണെന്നും പ്രഥമദൃഷ്ട്യാ കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗിക ബന്ധമെന്ന നിഗമനത്തിലെത്താൻ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ വിനയ് ജോഷിയും വാൽമീകി മെനേസസും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.
പ്രോസിക്യൂഷൻ കേസിലെ ആരോപണങ്ങളുമായി മുന്നോട്ടുപോകാൻ യുവതി തയ്യാറാകാത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തി. ഇത്തരം വസ്തുതകൾ നിലനിൽകെ കേസുമായി മുന്നോട്ടുപോകുന്നതിൽ അർത്ഥമില്ലെന്നും എഫ്ഐആർ റദ്ദാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി. 2018 -ൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെയാണ് പരാതിക്കാരനും പ്രതിയും ആദ്യം പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും. 2018 ഡിസംബർ 25-ന് പ്രതി യുവതിയുടെ പിറന്നാൾ ദിനത്തിൽ വീട്ടിലെത്തി അവളെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും നിർബന്ധിത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തുവെന്നായിരുന്നു എഫ്‌ഐആർ. ഒരു വർഷത്തിനുശേഷം പ്രതിക്ക് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി യുവതി മനസിലാക്കി. ഇത് ചോദ്യം ചെയ്തപ്പോൾ, അയാൾ അവളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ടായിരുന്നു.
അഭിഭാഷകർ ഹാജരാക്കിയ ഫേസ്ബുക്ക് ചാറ്റുകളുടെ വിവരങ്ങൾ ഇരുവരും ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് തെളിയിക്കുന്നതായി കോടതി വിലയിരുത്തി. പരസ്പരം ഉള്ള സ്നേഹവും താൽപര്യവുമാണ് ലൈംഗികബന്ധം നിലനിർത്തുന്നതിലേക്ക് നയിച്ചതെന്ന് കാണാം. പരാതിക്കാരിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യമുണ്ടെന്ന് കാണിക്കുന്ന ചില സന്ദേശങ്ങളും കോടതി ചൂണ്ടിക്കാണിച്ചു. ഇരുവരും ചെറുപ്പക്കാരും വിദ്യാസമ്പന്നരും ഒരു വർഷത്തിലേറെയായി ശാരീരിക ബന്ധം ആസ്വദിച്ചവരുമായിരുന്നുവെന്ന് ഫേസ്ബുക്ക് സന്ദേശങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ നിർബന്ധിത ലൈംഗിക പീഡനം എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കോടതി വിലിയരുത്തി.
