Asianet News MalayalamAsianet News Malayalam

'ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിന് താന്‍ യോഗ്യ'; അവകാശവാദവുമായി പ്രതിഭാ സിംഗ്

വീര ഭദ്ര സിംഗിന്‍റെ  പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം മറ്റാർക്കെങ്കിലും ഫലം നൽകാൻ ആകില്ലെന്നും പ്രതിഭാ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Himachal Pradesh Election Result Pratibha Singh claim Chief Minister post
Author
First Published Dec 9, 2022, 12:56 PM IST

ഷിംല: ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ്. മുഖ്യമന്ത്രിയായി നയിക്കാൻ തനിക്ക് കഴിയുമെന്നും വീര ഭദ്ര സിംഗിന്‍റെ കുടുംബത്തെ മാറ്റി നിർത്താൻ ആകില്ലെന്നും പ്രതിഭ പറഞ്ഞു. വീര ഭദ്ര സിംഗിന്‍റെ  പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം മറ്റാർക്കെങ്കിലും ഫലം നൽകാൻ ആകില്ലെന്നും പ്രതിഭാ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, എംഎൽഎമാരുടെ യോഗം വൈകീട്ട് നടക്കും. 

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ സജീവമായി നടക്കുന്നതിനിടെയാണ് പ്രതിഭാ സിംഗിന്‍റെ അവകാശ വാദം. പ്രചാരണ ചുമതലയിലുള്ള മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദ‌ർ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവ‌ർക്കാണ് കൂടുതല്‍ സാധ്യത. സംസ്ഥാനത്തെ പ്രബല ജാതി വിഭാഗമായ രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള സുഖ്വീന്ദ‌ർ സിംഗ് സുഖുവിന് കൂടുതല്‍ എംഎൽഎമാരുടെയും പിന്തുണയുമുണ്ട്. ഇതിനിടെയാണ് പ്രതിഭാ സിംഗ് അവകാശമുന്നയിച്ചെത്തിയത്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ പേര് ഉയ‌ർത്തിയാണ് പ്രതിഭയുടെ സമ്മ‌ർദം. വീരഭദ്ര സിംഗിന്‍റെ പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം ഫലം മാറ്റാർക്കെങ്കിലും നൽകാനാകില്ലെന്ന് പ്രതിഭ പറഞ്ഞു. മകനും എംഎൽഎയുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി നൽകണമെന്ന ആവശ്യവും പ്രതിഭയ്ക്കുണ്ട്. 

Also Read: അട്ടിമറി സാധ്യത? ഹിമാചലില്‍ ആശ്വാസ ജയത്തിലും കോൺഗ്രസിന് ആശങ്ക! തെരഞ്ഞെടുക്കപ്പെട്ടവരെ ഛത്തിസ്ഗഡിലേക്ക് മാറ്റും

40 സീറ്റിൽ ജയിച്ചാണ് ഹിമാചൽ പ്രദേശ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. ഭരണ വിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കുകയായിരുന്നു. ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോൺഗ്രസിന്‍റെ വിജയം. മോദി പ്രഭാവം ഉയർത്തിക്കാട്ടിയുള്ള ബിജെപി പ്രചാരണത്തിന് പ്രാദേശിക വിഷയങ്ങളുയര്‍ത്തിയുള്ള കോണ്‍ഗ്രസ് നിലപാടിനുള്ള ഹിമാചലിന്‍റെ  അംഗീകാരം.

രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്കയുടെ പ്രചാരണവും വിജയ ഘടകമായി. തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിൾ ക‌ർഷകരുടെ പ്രശ്നങ്ങൾ തുടങ്ങി കോൺഗ്രസ് ഉന്നയിച്ച വിഷയങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന് തെളിവാണ് തിളക്കമാ‌ർന്ന വിജയം. ഒബിസി വോട്ടുകൾ നി‌ർണായകമായ 15 സീറ്റുകളുള്ള കാംഗ്രയില്‍ 10  സീറ്റുകളില്‍ കോൺഗ്രസ് ആധിപത്യം നേടി.

Follow Us:
Download App:
  • android
  • ios