മോശം കാലാവസ്ഥയും മറ്റ് പ്രാദേശിക കാരണങ്ങളും മൂലം ഒക്ടോബർ 9ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ, കർണാടക, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് പ്രധാനമായും അവധി. 

ദില്ലി: മോശം കാലാവസ്ഥയും മറ്റ് പ്രാദേശിക വിഷയങ്ങളും പരിഗണിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും നാളെ (ഒക്ടോബർ 9) സ്കൂളുകൾക്കും കോളേജുകൾക്കും അവധി. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക അവധി സംബന്ധിച്ച് അതത് പ്രദേശങ്ങളിലെ ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്.

പശ്ചിമ ബംഗാൾ: ഡാർജിലിംഗിൽ മഴ കാരണം അവധി നീട്ടി

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒക്ടോബർ 8 മുതൽ ഒക്ടോബർ 10, 2025 വരെ എല്ലാ സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും. കണക്റ്റിവിറ്റിയും ഗതാഗതവും തടസപ്പെട്ടതാണ് അവധിക്ക് പ്രധാന കാരണമെന്ന് ഗോർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സർക്കാർ, എയ്ഡഡ്, സ്വകാര്യ, മിഷനറി, പ്രൈമറി, സെക്കൻഡറി, ഹയർ എഡ്യൂക്കേഷൻ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 13, 2025 തുറന്നുപ്രവർത്തിക്കും എന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

കർണാടക: സർവേക്കായി 10 ദിവസം അവധി

നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക വിദ്യാഭ്യാസ സർവേ (ജാതി സർവേ) പൂർത്തിയാക്കുന്നതിനായി അധ്യാപകരെ വിന്യസിക്കേണ്ടതിനാൽ കർണാടകയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് ഒക്ടോബർ എട്ട് മുതൽ ഒക്ടോബർ 18 വരെ അവധി നൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു.

ഹിമാചൽ പ്രദേശ്: കനത്ത മഴയും മണ്ണിടിച്ചിലും ഭീഷണി

ഹിമാചൽ പ്രദേശിൽ കനത്ത മഴ, മണ്ണിടിച്ചിൽ, മഞ്ഞുവീഴ്ച എന്നിവ തുടരുകയാണ്. ഒക്ടോബർ ഏഴിലെ കണക്കനുസരിച്ച് സിർമൗറിൽ 49 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. സോളൻ (38.8 എംഎം), ലാഹൗൾ & സ്പിതി (36.3 എംഎം) എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. അടുത്തിടെ ബിലാസ്പൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരണപ്പെട്ടതിനെത്തുടർന്ന്, ജില്ലാ അധികൃതർ കൂടുതൽ സ്കൂൾ അവധികൾ പരിഗണിക്കുന്നുണ്ട്. നേരത്തെ, ഒക്ടോബർ 7 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു.

ജമ്മു കശ്മീർ: കാലാവസ്ഥ അനുസരിച്ച് തീരുമാനം

ഷിംലയിലും സമീപ പ്രദേശങ്ങളിലും ഒക്ടോബർ 8, 9 തീയതികളിൽ നേരിയതോ മിതമായതോ ആയ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് (എന്നിവ ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു. ഒറ്റപ്പെട്ട മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥയുടെ തീവ്രത അനുസരിച്ച് അധികൃതർ അവധി പ്രഖ്യാപിച്ചേക്കാം. കനത്ത മഴ കാരണം ഒക്ടോബർ 6, 7 തീയതികളിൽ ജമ്മു ഡിവിഷനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധി നൽകിയിരുന്നു.

ദില്ലി എൻസിആർ: നിലവിൽ മാറ്റമില്ല

ദില്ലിയിലും സമീപ പ്രദേശങ്ങളിലും മഴ ലഭിക്കുകയും കാലാവസ്ഥയിൽ മാറ്റങ്ങൾ വരികയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 9ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകുന്നതനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം.