Asianet News MalayalamAsianet News Malayalam

Presidential Election : രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെ? എന്താണ് ഇലക്ടറൽ കോളേജ്?

2017 ജൂലൈ 12നായിരുന്നു അവസാനമായി  രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. 65.65 ശതമാനം വോട്ട് നേടിയാണ് എൻ.ഡി.എയുടെ രാംനാഥ് കോവിന്ദ് വിജയിച്ചത്.

how to elect president of india
Author
Trivandrum, First Published Jun 27, 2022, 3:03 PM IST

ദില്ലി: ഇന്ത്യയുടെ 16ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് (presidential election) ജൂലൈ 18 ന് നടക്കും. ജൂലൈ 21ന് പുതിയ രാഷ്ട്രപതി ആരാണെന്ന് അറിയാം. ഇപ്പോഴത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് ജൂലൈ 25 നാണ്. 2017 ജൂലൈ 12നായിരുന്നു അവസാനമായി (president of India) രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. 65.65 ശതമാനം വോട്ട് നേടിയാണ് എൻ.ഡി.എയുടെ രാംനാഥ് കോവിന്ദ് വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാർഥി മുൻ ലോക്സഭ സ്പീക്കർ മീരാകുമാർ ആയിരുന്നു

ദ്രൗപതി മുർമുവാണ് ഇത്തവണത്തെ എൻഡിഎ സ്ഥാനാർത്ഥി. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. ഭരണപക്ഷവും പ്രതിപക്ഷവും അവരവരുടെ രാഷ്ട്രപതി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ വാശിയേറിയ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.  രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ മേൽനോട്ടവും നിയന്ത്രണവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും. അഞ്ച്‍ വർഷത്തേക്കാണ് രാഷ്ട്രപതി അധികാരമേൽക്കുക. 

Presidential Election : രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുർമു എൻഡിഎ സ്ഥാനാര്‍ത്ഥി

ഇലക്ടറൽ കോളേജാണ്‌ രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭ, ലോക്‌സഭാ അംഗങ്ങളും എല്ലാ സംസ്ഥാനത്തിലെയും നിയമസഭകൾ,  ഡൽഹി, പോണ്ടിച്ചേരി നിയമസഭകളിലെ അംഗങ്ങളും ഉൾപ്പെട്ടതാണ്‌ ഇലക്ടറൽ കോളേജ്‌. ഇലക്ടറൽ കോളേജിലെ അം​ഗങ്ങളുടെ എണ്ണം 4809 ആണ്  ആകെ മൂല്യം 10,86,431. ഓരോ സംസ്ഥാനത്തെയും ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ്  എം.എൽ.എമാരുടെ വോട്ടിന്റെ മൂല്യം കണക്കാക്കുക. ഓരോ സംസ്ഥാനത്തെയും എം.എൽ.എമാരുടെയും വോട്ടിന്റെയും മൂല്യം വ്യത്യാസപ്പെട്ടിരിക്കും. അതായത് ഉയർന്ന ജനസാന്ദ്രതയുള്ള ഉത്തർപ്രദേശിലെ ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം 208 ആണ്. എന്നാൽ ജനസംഖ്യ കുറവുള്ള അരുണാചൽ പ്രദേശിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം 8 ആണ്. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം 152 ആണ്. അതേ സമയം സിക്കിമിലെ വോട്ട് മൂല്യം 7ആണ്.  രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാൻ ഇലക്റൽ കോളജിൽ 5,49,442 മൂല്യം ലഭിക്കണം. 

1977ൽ മാത്രമാണ് മത്സരമില്ലാതെ രാഷ്​ട്രപതിയെ തെരഞ്ഞെടുത്തത്. അന്ന് എതിരില്ലാതെ രാഷ്ട്രപതി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന നീലം സജ്ഞീവ റെ‍ഡ്ഡി ആണ്. അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലിയുടെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 37 നാമനിർദേശ പത്രികയിൽ 36 ഉം തള്ളിപ്പോയതിനെ തുടർന്നാണ് നീലംസജ്ഞീവ റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടത്.

ദ്രൗപതി മു‍ർമു, യശ്വന്ത് സിൻഹ; രാഷ്ട്രപതി സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ ജീവിതം 

രാഷ്ട്രപതി സ്ഥാനാർഥികൾ
ദ്രൗപതി മുർമു

ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപതി മുർമു. 1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുർമുവിന്‍റെ ജനനം. സന്താൾ വശജയാണ് ഇവര്‍. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. ജാർഖണ്ഡ് ഗവർണറാവുന്ന ആദ്യവനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ് മുർമു. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്. ഒഡീഷയിൽ 2000 മുതൽ 2004 വരെയുള്ള കാലയളവിൽ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്‌തു. ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു. മികച്ച എം എൽ എയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

Presidential Election 2022: ഇന്ത്യ ഉറ്റുനോക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വിജയം ഉറപ്പിക്കാന്‍ ബിജെപി

ഒന്നര മണിക്കൂർ നീണ്ട് നിന്ന ബിജെപി പാർലമെന്‍റ് ബോർഡ് യോഗത്തിന് ശേഷമാണ്, സ്വതന്ത്ര ഇന്ത്യ 75 വർഷം പിന്നിടുമ്പോൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നൊരു വനിത, ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും എന്ന പ്രഖ്യാപനം വന്നത്. ഒഡീഷയിലെ സന്താൾ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു രണ്ട് തവണ സംസ്ഥാനത്തെ എംഎൽഎ ആയിരുന്നു. നാല് വർഷം മന്ത്രിയായി പ്രവർത്തിച്ചു. ഒഡീഷയിൽ ട്രാൻസ്പോട്ട്. ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും ദ്രൗപദി പ്രവർത്തിച്ചു. 2015 ൽ ജാർഖണ്ഡ് ഗവർണറായി. വിദ്യാഭ്യാസ മേഖലയിൽ ദ്രൗപദി മുർമു നടത്തിയ പ്രവർത്തനങ്ങളും രാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുമ്പോൾ പരിഗണിച്ചുവെന്ന് ജെപി നദ്ദ അറിയിച്ചു.  

യശ്വന്ത് സിൻഹ
ബിഹാറിലെ പട്ന സ്വദേശിയാണ് 84കാരനായ യശ്വന്ത് സിൻഹ.  1960 മുതൽ സിവിൽ സർവിസിന്റെ ഭാഗമായിരുന്ന സിൻഹ 24 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് രാഷ്ട്രീയത്തിലെത്തുന്നത്. യശ്വന്ത് സിൻഹ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവർ‍ത്തിച്ചു. ചന്ദ്രശേഖ‍ര്‍, വാജ്പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു. ചന്ദ്രശേഖ‍റിന്റെ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവ‍ര്‍ത്തിച്ചു. പിന്നീട് ബിജെപിയിൽ ചേര്‍ന്ന ശേഷം വാജ്പേയ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും പ്രവ‍‍ര്‍ത്തിച്ചു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ൽ ബിജെപി വിട്ടത്. പിന്നീട് 2021 ൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേര്‍ന്നു. നിലവിൽ തൃണമൂൽ വൈസ്പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ രാജിവെച്ചത്. ബിജെപിയുടെ ഒരു മുൻ നേതാവിനെ തന്നെയാണ് പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Follow Us:
Download App:
  • android
  • ios