Asianet News MalayalamAsianet News Malayalam

മോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലും വ്യാജ ഡിഗ്രി വിവാദത്തിൽ

ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ ഒന്നുമല്ല, പ്രാചീന ഇന്ത്യയിലെ സന്യാസിയായിരുന്ന കണാദനാണ് ആദ്യം ആണവപരീക്ഷണം നടത്തിയത്, പ്ലാസ്റ്റിക് സർജറി നടത്തിയാണ് ഗണപതിയെ സൃഷ്ടിച്ചത് തുടങ്ങിയ വിവാദ പ്രസ്താവനകളിലൂടെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയായ രമേഷ് പൊഖ്രിയാൽ നേരത്തേയും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

HRD Minister Ramesh Pokhriyal in fake degree controversy
Author
Delhi, First Published Jun 1, 2019, 9:45 AM IST

ദില്ലി: കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ വ്യാജ ഡിഗ്രി വിവാദവും എത്തി. നരേന്ദ്രമോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്‍റെ ഡോക്ടറേറ്റ് വ്യാജമാണെന്നാണ് പുതിയ ആരോപണം. ഇന്ത്യാ ടുഡേ ദിനപ്പത്രമാണ് രമേഷ് പൊഖ്രിയാലിന്‍റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റുകൾ വ്യാജമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയും വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കെതിരെയും വ്യാജ ഡിഗ്രി ആരോപണങ്ങൾ ഉയർന്നിരുന്നു.

രമേഷ് പൊഖ്രിയാലിന്‍റെ പേരിലുഴള്ള രണ്ട് ഡി-ലിറ്റ് ബിരുദങ്ങൾ ഓപ്പൺ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കൻ സർവകലാശാലയുടെ പേരിലാണ്. സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച് 1990ൽ കൊളംബോ ഓപ്പൺ സർവകലാശാല ഡി ലിറ്റ് ബിരുദം നൽകിയെന്നാണ് രമേഖ് പൊഖ്രിയാലിന്‍റെ ബയോ ഡാറ്റയിൽ പറയുന്നത്. എന്നാൽ ശ്രീലങ്കയിൽ ഇങ്ങനെയൊരു സർവകലാശാല ഇല്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ ഒന്നുമല്ല, പ്രാചീന ഇന്ത്യയിലെ സന്യാസിയായിരുന്ന കണാദനാണ് ആദ്യം ആണവപരീക്ഷണം നടത്തിയത്, പ്ലാസ്റ്റിക് സർജറി നടത്തിയാണ് ഗണപതിയെ സൃഷ്ടിച്ചത് തുടങ്ങിയ വിവാദ പ്രസ്താവനകളിലൂടെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയായ രമേഷ് പൊഖ്രിയാൽ നേരത്തേയും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്തെ സംഭാവനകൾ പരിഗണിച്ചും കൊളംബോ ഓപ്പൺ ഇന്‍റർനാഷണൽ സർവകലാശാല പൊഖ്രിയാലിന് രണ്ടാമതൊരു ഡോക്ടറേറ്റ് കൂടി നൽകിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാൽ ഈ പേരിൽ ഒരു സർവകലാശാല ശ്രീലങ്കയിൽ പ്രവർത്തിക്കുന്നില്ല എന്ന്  ശ്രീലങ്കയിലെ സർവകലാശാല ഗ്രാൻഡ്സ് കമ്മീഷനിൽ നിന്ന് സ്ഥിരീകരണം കിട്ടിയെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട്.

രമേഷ് പൊഖ്രിയാലിന്‍റെ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞവർഷം ഡെറാഡൂണിൽ നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലെ വിവരങ്ങൾ അപൂർണ്ണമായിരുന്നു. മാത്രമല്ല, വിവരാവകാശ നിയമപ്രകാരം ലഭിച്ച രമേഷ് പൊഖ്രിയാലിന്‍റെ ബയോ ഡാറ്റയിലുള്ള ജനന തീയതിയും പാസ്പോർട്ടിലെ ജനനതീയതിയും യോജിക്കുന്നില്ലെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് ലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രമേഷ് പൊഖ്രിയാൽ തെരഞ്ഞെടുക്കപ്പെട്ടത്. നോവലുകളും ചെറുകഥകളും കവിതകളും യാത്രാവിവരണങ്ങളും ഉൾപ്പെടെ മുപ്പത്തിയാറ് പുസ്തകങ്ങൾ രമേഷ് പൊഖ്രിയാൽ രചിച്ചിട്ടുണ്ട്. ഹേമാവതി ബഹുഗുണ ഗർവാൽ സർവകലാശാലയിൽ നിന്നും അദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios