കൂട്ടിൽ കയറിയ പെരുമ്പാമ്പ് നാല് താറാവുകളെ കൊന്ന ശേഷം രണ്ടെണ്ണത്തെ വിഴുങ്ങിയ നിലയിലായിരുന്നു.
ചെറുപുഴ: കണ്ണൂരിൽ കൂട്ടിൽ കയറി താറാവുകളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഇടവരമ്പിലെ തെക്കേയിൽ തോമസിന്‍റെ താറാവിൻ കൂട്ടിൽ നിന്നാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടി കൂടിയത്. ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ താറാവുകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. അപ്പോഴേക്കും കൂട്ടിൽ കയറിയ പെരുമ്പാമ്പ് നാ താറാവുകളെ കൊന്ന ശേഷം രണ്ടെണ്ണത്തെ വിഴുങ്ങിയിരുന്നു.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ടീം എമർജൻസി കേരള റെസ്ക്യൂ ക്യാപ്റ്റനും സ്നേക്ക് റെസ്ക്യുവർ പി.സൗരവ്, ടീം അംഗം എം.സഞ്ജയ് എന്നിവർ ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് ഉൾകാട്ടിൽ കൊണ്ടുപോയി തുറന്ന് വിട്ടു. അടുത്ത കാലത്തായി മലയോര മേഖലയിൽ കൃഷിയിടങ്ങളിലും മറ്റും പെരുമ്പാമ്പിനേയും രാജവെമ്പാലയേയും കാണുന്നത് പതിവ് സംഭവമായിരിക്കുകയാണ്.
