മെയ് എട്ടിനായിരുന്നു സരസ്വതിയുടെ വിവാഹം. ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ പത്താം ദിവസം സരസ്വതി വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവും വീട്ടുകാരുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും മടങ്ങിപോകില്ലെന്നും സരസ്വതി നിലപാട് എടുത്തു. മകളുടെ തീരുമാനത്തെ അമ്മ കല പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ മകള്‍ മടങ്ങിപോകണമെന്നും വീട്ടില്‍ നിന്നാല്‍ സമൂഹത്തിന് മുന്നില്‍ നാണക്കേട് ആണെന്നുമായിരുന്നു അച്ഛന്‍ കൃഷ്ണയ്യയുടെ നിലപാട്.  

ഹൈദരാബാദ്: ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ മടിച്ച മകളെ തെലങ്കാനയില്‍ അച്ഛന്‍ തല്ലിക്കൊന്നു. മകളെ പിന്തുണച്ച അമ്മയേയും കൊലപ്പെടുത്തി. ഭര്‍തൃപീഡനം കാരണം മടങ്ങിപോകാന്‍ മടിച്ചതിന്‍റെ പേരിലായിരുന്നു കൊലപാതകം.

തെലങ്കാനയിലെ മെഹബൂബ് നഗറിലാണ് ദാരുണസംഭവം ഉണ്ടായത്. മകള്‍ ഭര്‍തൃവീട്ടിലേക്ക് മടങ്ങില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. 23 കാരിയായ സരസ്വതിയെയും അമ്മ കലയേയും അച്ഛന്‍ കൃഷ്ണയ്യ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തുകയായിരുന്നു. മെയ് എട്ടിനായിരുന്നു സരസ്വതിയുടെ വിവാഹം. ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ പത്താം ദിവസം സരസ്വതി വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവും വീട്ടുകാരുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും മടങ്ങിപോകില്ലെന്നും സരസ്വതി നിലപാട് എടുത്തു. മകളുടെ തീരുമാനത്തെ അമ്മ കല പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ മകള്‍ മടങ്ങിപോകണമെന്നും വീട്ടില്‍ നിന്നാല്‍ സമൂഹത്തിന് മുന്നില്‍ നാണക്കേട് ആണെന്നുമായിരുന്നു അച്ഛന്‍ കൃഷ്ണയ്യയുടെ നിലപാട്.

മകളോട് ഭര്‍തൃവീട്ടിലേക്ക് പോകണമെന്ന് കൃഷ്ണയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പേരില്‍ വീട്ടില്‍ തര്‍ക്കം പതിവായിരുന്നു. ഉച്ചയോടെ മദ്യപിച്ചെത്തിയ കൃഷ്ണയ്യയും മകളുമായി ഇതിന്‍റെ പേരില്‍ വഴക്കുണ്ടായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ അമ്മ കലയെയും തലയ്ക്കടിച്ചു കൊന്നു. പിന്നാലെ സ്വയം വിഷംകഴിച്ച കൃഷ്ണയ്യ ബന്ധുവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ അമ്മയും മകളും മരിച്ചിരുന്നു. വിഷം കഴിച്ച കൃഷ്ണയ്യ അപകടനില തരണം ചെയ്തു. ബിരുദാനാന്തര ബിരുദ പഠനം തീരുംമുമ്പാണ് സരസ്വതിയെ അച്ഛന്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. എം കോം പഠനം തുടരാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. സ്വന്തം വീട്ടില്‍ മടങ്ങിയെത്തി മുടങ്ങിപോയ പഠനം പുനരാരംഭിക്കാനുള്ള സരസ്വതിയുടെ ശ്രമത്തിനിടെയാണ് കൊലപാതകം.