രണ്ടാം വിവാഹമോചനവുമായി ബന്ധപ്പെട്ട ജീവനാംശം തീരുമാനിക്കുന്നതിൽ ആദ്യ വിവാഹത്തിലെ ജീവനാംശം പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
ദില്ലി: രണ്ടാം വിവാഹമോചനവുമായി ബന്ധപ്പെട്ട ജീവനാംശം തീരുമാനിക്കുന്നതിൽ ആദ്യ വിവാഹത്തിലെ ജീവനാംശം പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ആദ്യ വിവാഹത്തിൽനിന്ന് നല്ലൊരു തുക ജീവനാംശമായി ലഭിച്ചതിനാൽ രണ്ടാം വിവാഹത്തിലെ ജീവനാംശത്തിന് ഭാര്യക്ക് അർഹതയില്ലെന്ന ഭർത്താവിന്‍റെ വാദം കോടതി തള്ളി. ആദ്യ വിവാഹത്തിലെ ജീവനാംശം ഈ കേസിൽ പ്രസക്തമായ ഒരു ഘടകമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം വിവാഹബന്ധം വേർപെടുത്താനുള്ള അനുമതി ഉപയോഗിച്ചാണ് സുപ്രീം കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ഭർത്താവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ. ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ നൽകിയ 498A വകുപ്പ് പ്രകാരമുള്ള ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവ് കോടതിയെ സമീപിച്ചത്.
പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാൻ ദമ്പതികൾ നേരത്തെ ഒരു ഒത്തുതീർപ്പ് കരാറിലെത്തിയിരുന്നു. എന്നാൽ പിന്നീട് ഭാര്യ ഈ കരാറിൽ നിന്ന് പിന്മാറി. തുടർന്ന് ഭർത്താവ് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, 498A കേസ് റദ്ദാക്കാൻ ഹൈക്കോടതി തയാറായില്ല. അതിനെ തുടർന്നാണ് ഭർത്താവ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
വിവാഹബന്ധം വേർപെടുത്താനായി ഭർത്താവ് 142-ാം വകുപ്പ് പ്രകാരമുള്ള അപേക്ഷയും ഹർജിയോടൊപ്പം സമർപ്പിച്ചിരുന്നു. മുംബൈയിലെ പോഷ് ഏരിയയിലുള്ള നാല് കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ് ഭാര്യക്ക് നൽകാൻ ഭർത്താവ് തയ്യാറാണെന്ന് അറിയിച്ചു. അല്ലെങ്കിൽ നാല് കോടി രൂപ പണമായി നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ, ഭാര്യ 12 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി താൻ ഇപ്പോൾ തൊഴിൽരഹിതനാണെന്നും, ആദ്യ വിവാഹത്തിലെ ഓട്ടിസം ബാധിച്ച കുട്ടിയെ നോക്കാൻ വേണ്ടി ബാങ്കിലെ ജോലി ഉപേക്ഷിച്ചതാണെന്നും ഭർത്താവ് കോടതിയെ അറിയിച്ചു.
ഇരുവരുടെയും ഏകദേശം ഒരു വർഷവും ഒമ്പത് മാസവും മാത്രം നീണ്ടുനിന്ന ദാമ്പത്യം പുനഃസ്ഥാപിക്കാൻ കഴിയാത്തവിധം തകർന്നതായി കോടതി കണ്ടെത്തി. ഒപ്പം ഭർത്താവ് വാഗ്ദാനം ചെയ്ത ഒത്തുതീർപ്പ് ന്യായമാണെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിന് ഓട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും, അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുംബൈയിലെ കൽപ്പതരു ഹാബിറ്റാറ്റിലുള്ള ഫ്ലാറ്റിന് നല്ല വിലയുണ്ടെന്നും, അത് ഭാര്യക്ക് കൈമാറുന്നത് വിവാഹമോചനത്തിന് ശേഷം അവരെ സാമ്പത്തികമായി സഹായിക്കുമെന്നും കോടതി വ്യക്തമാക്കി.
ഭർത്താവിന്‍റെ ഇപ്പോഴത്തെ തൊഴിൽരഹിതനായ അവസ്ഥ കണക്കിലെടുക്കുമ്പോൾ കൂടുതൽ ജീവനാംശം എന്ന ആവശ്യം ന്യായീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവ് ജോലി ചെയ്യുന്നുണ്ടെന്ന് സ്ഥാപിക്കാൻ ഭാര്യ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഹാജരാക്കിയെങ്കിലും കോടതി അത് തള്ളി. ഭാര്യക്ക് നല്ല വിദ്യാഭ്യാസവും ഐടി മേഖലയിലെ പരിചയസമ്പത്തും ഉള്ളതിനാൽ സ്വയം ജീവിക്കാൻ കഴിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭർത്താവിനെതിരെയുള്ള 498എ വകുപ്പ് പ്രകാരമുള്ള കേസ് കോടതി റദ്ദാക്കി. ആരോപണങ്ങൾ സത്യസന്ധമല്ലാത്തതും ദാമ്പത്യ കലഹങ്ങളെ അതിശയോക്തിപരമായി ചിത്രീകരിച്ചതാണെന്നും കോടതി കണ്ടെത്തി. ഓഗസ്റ്റ് 30നകം ഫ്ലാറ്റിന്‍റെ കരാർ ഭർത്താവ് ഭാര്യക്ക് കൈമാറണം. അതിനു ശേഷം വിവാഹമോചനം നിലവിൽ വരുമെന്നും കോടതി നിർദേശിച്ചു. ഭർത്താവിനുവേണ്ടി മുതിർന്ന അഭിഭാഷക മാധവി ദിവാൻ ഹാജരായപ്പോൾ, ഭാര്യ നേരിട്ടാണ് കോടതിയിൽ ഹാജരായത്.


