എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ് ദാരുണ സംഭവം. ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഒരാൾ കെട്ടിടത്തിൽ നിന്നും ചാടിരക്ഷപ്പെട്ടു.
ഫരീദാബാദ്: എയർകണ്ടീഷണർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ് ദാരുണ സംഭവം. ദമ്പതികളും മകളുമാണ് മരിച്ചത്. ദമ്പതികളുടെ മകൻ കെട്ടിടത്തിൽ നിന്നും ചാടിരക്ഷപ്പെട്ടു. സച്ചിൻ കപൂർ, ഭാര്യ റിങ്കു കപൂർ, മകൾ സുജൻ കപൂർ എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.
ഇന്ന് പുലർച്ചെ 1.30-ഓടെ നാല് നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് എസി പൊട്ടിത്തെറിച്ചത്. ഇതോടെ രണ്ടാം നിലയിലേക്ക് കനത്ത പുക പടർന്നു. അവിടെയാണ് സച്ചിൻ കപൂറും കുടുംബവും താമസിക്കുന്നത്. സംഭവം നടന്ന സമയത്ത് ഒന്നാം നിലയിലെ വീട്ടിൽ ആരുമില്ലായിരുന്നു. സച്ചിനും ഭാര്യയും മകളും ശ്വാസംമുട്ടിയാണ് മരിച്ചത്. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ രക്ഷപ്പെടാനായി ജനലിലൂടെ പുറത്തേക്ക് ചാടി. ഈ കുട്ടിയുടെ നില ഗുരുതരമാണ്.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് ഉണർന്നതെന്ന് അയൽവാസി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് അയൽവാസികൾ ഓടിയെത്തി. പക്ഷേ അപ്പോഴേക്കും മൂന്ന് പേരുടെ മരണം സംഭവിച്ചിരുന്നു. മൂന്നാം നില സച്ചിൻ കപൂർ ഓഫീസായി ഉപയോഗിച്ചിരുന്നു. നാലാം നിലയിൽ ഏഴ് പേരുള്ള കുടുംബമാണ് താമസിച്ചിരുന്നത്. അപകടം നടക്കുമ്പോൾ ഇവർ സ്ഥലത്തുണ്ടായിരുന്നില്ല.


