ദില്ലി: തന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച എല്ലാ വാർത്തകളെയും തള്ളിക്കളഞ്ഞ് 84കാരനായ ദലൈ ലാമ. തിബറ്റൻ ജനതയുടെ ആത്മീയ ആചാര്യനായ ദലൈ ലാമയുടെ ആരോഗ്യനിലയെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകൾ തള്ളിക്കളയുന്നതായി അദ്ദേഹത്തിന്റെ പ്രസ്താവന. 

തന്റെ ആരോഗ്യസ്ഥിതിക്ക് യാതൊരു കുഴപ്പവുമില്ലെന്നും 110 വയസ്സുവരെ താൻ ജീവിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ദലൈ ലാമയെ പ്രവേശിപ്പിച്ചതിന് പിന്നാലെ പരന്ന വാർത്തകളെ തള്ളിയാണ് അദ്ദേഹം തന്റെ ആയുസ്സ് പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യാ ഗവൺമെന്റ് തന്റെ ആരോഗ്യകാര്യത്തിൽ വലിയ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 60 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. 1959 ൽ തിബറ്റിൽ നിന്നും ഇന്ത്യയിൽ അഭയം തേടിയ ദലൈ ലാമ അന്ന് മുതൽ ഇന്ത്യയിലാണ് കഴിയുന്നത്.