പ്രതിപക്ഷ നിരയിലുണ്ടായ പിളർപ്പുകൾ കാരണം എൻഡിഎ സർക്കാർ ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് തൊട്ടരികെയെത്തി. ഭരണഘടനാ ഭേദഗഗതി ബില്ലുകൾ പാസാക്കാൻ ഇനി വെറും 6 വോട്ടുകൾ മാത്രം മതി എന്നതിനാൽ, വനിതാ സംവരണം, മണ്ഡല പുനർനിർണ്ണയം പോലുള്ള നിർണ്ണായക ബില്ലുകൾ സർക്കാർ വീണ്ടും പരിഗണിച്ചേക്കും
ദില്ലി: പ്രതിപക്ഷ നിരയിലുണ്ടായ വൻ പിളർപ്പുകൾ രാജ്യത്തെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് വൻ നേട്ടമായി. ലോക്‌സഭയിൽ ഭരണഘടന ഭേദഗതി ബില്ലുകൾ പാസാക്കുന്നതിനായി മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാൻ മോദി സർക്കാരിന് ഇനി വെറും 6 വോട്ടുകൾ മാത്രമാണ് ആവശ്യം. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വനിതാ സംവരണവുമായി ബന്ധപ്പെടുത്തിയുള്ള മണ്ഡല പുനർനിർണ്ണയ ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് ലോക്‌സഭയിൽ പരാജയപ്പെട്ടിരുന്നു. അന്ന് 54 വോട്ടുകളുടെ കുറവാണ് എൻഡിഎയ്ക്ക് ഉണ്ടായത്. എന്നാൽ മാറിയ സാഹചര്യത്തിൽ ബിൽ വീണ്ടും പാർലമെന്റിൽ എത്തിയാൽ അത് എളുപ്പത്തിൽ പാസാക്കാൻ സർക്കാരിന് സാധിച്ചേക്കും.
തൃണമൂൽ കോൺഗ്രസിലുണ്ടായ വൻ പിളർപ്പാണ് എൻഡിഎയുടെ ഭൂരിപക്ഷം ഉയർത്തിയത്. പാർട്ടിയുടെ 28 ലോക്‌സഭാ എംപിമാരിൽ 20 പേർ വിമതരായി മാറി 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ' എന്ന പാർട്ടിയിൽ ലയിച്ചു. ഇവർ ഇപ്പോൾ എൻഡിഎ മുന്നണിയുടെ ഭാഗമാണ്. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗത്തിലെ 9 എംപിമാരിൽ 6 പേർ പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഇവർ ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തിൽ ചേർന്നേക്കും. ഇത് ഭരണപക്ഷത്തിന്റെ അംഗബലം 26 ആയി ഉയർത്തും. കോൺഗ്രസുമായുള്ള ഭിന്നതയെത്തുടർന്ന് 'ഇന്ത്യ' മുന്നണി വിട്ട എം.കെ. സ്റ്റാലിന്റെ ഡിഎംകെ ചില ആവശ്യങ്ങൾ മുൻനിർത്തി സർക്കാരിനെ പിന്തുണച്ചേക്കുമെന്ന് സൂചനയുണ്ട്. ഡിഎംകെയുടെ 22 എംപിമാരുടെ പിന്തുണ കൂടി ലഭിച്ചാൽ ഭരണപക്ഷത്തിന്റെ വോട്ട് നില 348 ആയി ഉയരും.
ലോക്‌സഭയിലെ നിലവിലെ സാഹചര്യത്തിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 352 വോട്ടുകളാണ് വേണ്ടത്. ഡിഎംകെ കൂടി പിന്തുണച്ചാൽ എൻഡിഎയ്ക്ക് 348 വോട്ടുകളാകും. അവശേഷിക്കുന്ന 6 വോട്ടുകൾക്കായി സമാജ്‌വാദി പാർട്ടിയിലെ വിമതരെയോ പ്രതിപക്ഷത്തെ മറ്റ് ചെറിയ പ്രാദേശിക പാർട്ടികളെയോ ബിജെപി ലക്ഷ്യമിടുന്നുണ്ട്. രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് (164 വോട്ടുകൾ) എൻഡിഎയ്ക്ക് ഇനി 6 വോട്ടുകളുടെ കുറവ് മാത്രമാണുള്ളത്. തൃണമൂൽ കോൺഗ്രസ് എംപിമാരുടെ രാജി മൂലമുണ്ടായ ഒഴിവുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പോടെ ഈ സംഖ്യയും മറികടക്കാൻ എൻഡിഎയ്ക്ക് സാധിച്ചേക്കും. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണ ബില്ലും സർക്കാർ വീണ്ടും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ലും ഇതിന് പിന്നാലെ പാർലമെന്റിൽ എത്തിയേക്കും.


