മുംബൈ: ലോകം മുഴുവന്‍, കൊവിഡിനെ നേരിട്ട കേരള മോഡലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും കേരള മാതൃക പിന്തുടരേണ്ടതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട. ഇതിനിടെ ബിബിസിയില്‍ വന്ന് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചു. 

കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞത് തുടര്‍ന്നാല്‍ കേരളം ലോകത്തിന് മുന്നില്‍ മാതൃകയാകുമെന്നാണ് റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്. 
 
''കര്‍വ് ഇനിയങ്ങോട്ടും 'ഫ്‌ലാറ്റ്' ആയിത്തന്നെ തുടര്‍ന്നാല്‍, കൊവിഡ് നിയന്ത്രിക്കുന്ന കാര്യത്തില്‍ കേരളം ലോകത്തിനു തന്നെ ഉജ്ജ്വലമായ ഒരു മാതൃകയാവും. കോവിഡിനെ വിജയകരമായി നേരിടുന്നതില്‍ ദക്ഷിണ കൊറിയയും മറ്റു രാജ്യങ്ങളും കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്, അവ മുന്നോട്ടു വെക്കുന്ന മാതൃകകളെക്കുറിച്ച് മാത്രം വായിച്ച് ബോറടിച്ചിരുന്നു '' - ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 

സംസ്ഥാനത്ത് ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 88332 പേരും ആശുപത്രികളിൽ 532 പേരും ഉണ്ട്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു.

16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. അതേസമയം രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധന കേരളത്തിന് വലിയ ആശ്വാസമാണ്. കാസര്‍കോട് ജില്ലയിൽ നിന്ന് മാത്രം ഇന്ന് കൊവിഡ് ഭേദമായത് 24 പേർക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലമാണിതെന്നും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു